കുവൈത്തിൽ ജൂലൈ മൂന്ന് മുതൽ 'ഒന്നാം ജെമിനി' സീസൺ

  1. Home
  2. International

കുവൈത്തിൽ ജൂലൈ മൂന്ന് മുതൽ 'ഒന്നാം ജെമിനി' സീസൺ

heat


കുവൈത്തിൽ താപനില കുത്തനെ ഉയർത്തിക്കൊണ്ട് കടുത്ത വേനൽക്കാല സീസൺ ആരംഭിക്കുന്നു. നിലവിലുള്ള 'അൽ തുവൈബി' സീസൺ അവസാനിച്ച് ജൂലൈ മൂന്ന് മുതൽ രാജ്യത്ത് 'ഒന്നാം ജെമിനി' സീസൺ ആരംഭിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവാണ് വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായി കണക്കാക്കപ്പെടുന്നത്. വരണ്ട കാലാവസ്ഥയും കടുത്ത ചൂടുള്ള കാറ്റുമാണ് ഒന്നാം ജമിനി സീസണിന്റെ പ്രത്യേകത. സൗര, ചാന്ദ്ര കലണ്ടറുകളിൽ ‘അൽ ഹഖ’ എന്നും ഇതറിയപ്പെടുന്നു. ഈ സമയത്ത് സൂര്യൻ വടക്കേ അറ്റത്ത് നിന്ന് ക്രമേണ തെക്കോട്ട് ഭൂമധ്യരേഖയിലേക്ക് നീങ്ങാൻ തുടങ്ങും.

ഒന്നാം ഘട്ടത്തിന് പിന്നാലെ 13 ദിവസം നീണ്ടുനിൽക്കുന്ന 'രണ്ടാം ജെമിനി' സീസൺ ആരംഭിക്കും. പകലിന്റെ ദൈർഘ്യം കൂടുന്ന ഈ സമയം ‘ബഹൂറ വേനൽ’ എന്നാണ് അറിയപ്പെടുന്നത്. ഈ സീസണിൽ രാത്രിയിൽ പോലും ശക്തമായ ചൂടുകാറ്റും അന്തരീക്ഷത്തിൽ ഉയർന്ന ഈർപ്പവും അനുഭവപ്പെടും.

ഇതിനുശേഷമാണ് വേനൽക്കാലത്തിന്റെ ഏറ്റവും തീവ്രമായ 'മിർസാം' സീസൺ വരുന്നത്. ഈ ഘട്ടത്തിൽ പകൽ താപനില റെക്കോർഡ് തലത്തിലേക്ക് ഉയരുകയും തീരപ്രദേശങ്ങളിൽ കടുത്ത ഉഷ്ണവും ഈർപ്പവും അനുഭവപ്പെടുകയും ചെയ്യും. എന്നാൽ ഓഗസ്റ്റ് അവസാനത്തോടെ മിർസാം സീസൺ അവസാനിക്കുന്നതോടെ ചൂടിന് ശമനമാകും.