2026-ന്റെ ആദ്യപാദം: സൗദിയിൽ ആറായിരത്തോളം മത്സ്യബന്ധന ലൈസൻസുകൾ അനുവദിച്ച് മന്ത്രാലയം

  1. Home
  2. International

2026-ന്റെ ആദ്യപാദം: സൗദിയിൽ ആറായിരത്തോളം മത്സ്യബന്ധന ലൈസൻസുകൾ അനുവദിച്ച് മന്ത്രാലയം

saudi


ഈ വർഷത്തെ ആദ്യ ആറ് മാസത്തിനിടെ രാജ്യത്ത് അയ്യായിരത്തിലധികം മത്സ്യബന്ധന ലൈസൻസുകൾ അനുവദിച്ചതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. കൃത്യമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മത്സ്യബന്ധന മേഖലയെ നിയന്ത്രിക്കുന്നതിനും കടൽ വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. മൊത്തം 5,879 ലൈസൻസുകളാണ് ഈ കാലയളവിൽ മന്ത്രാലയം നൽകിയത്.

രാജ്യത്ത് ഏറ്റവും കൂടുതൽ ലൈസൻസുകൾ അനുവദിക്കപ്പെട്ടത് മക്ക മേഖലയിലാണ്. 1,575 ലൈസൻസുകളാണ് മക്കയിൽ മാത്രം നൽകിയത്. കിഴക്കൻ പ്രവിശ്യയിൽ 1551-ഉം, ജിസാനിൽ 1336-ഉം, തബൂക്കിൽ 543-ഉം, അസീറിൽ 463-ഉം, മദീനയിൽ 411-ഉം ലൈസൻസുകൾ അനുവദിച്ചു. റിയാദിൽ ഒരു ലൈസൻസാണ് ഈ കാലയളവിൽ നൽകിയത്.

2020 മുതൽ 2026-ന്റെ ആദ്യ പാദം വരെയുള്ള കഴിഞ്ഞ ആറ് വർഷങ്ങളിലായി രാജ്യത്താകെ 84,585 ലൈസൻസുകളാണ് മന്ത്രാലയം അനുവദിച്ചിട്ടുള്ളത്. ആറ് വർഷത്തെ മൊത്തം കണക്കെടുത്താൽ കിഴക്കൻ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ലൈസൻസുകൾ അനുവദിച്ചത് (32,293 എണ്ണം). മക്കയിൽ 17,600, ജിസാനിൽ 16,616, അസീറിൽ 7,044, തബൂക്കിൽ 5,826, മദീനയിൽ 5,205 എന്നിങ്ങനെയാണ് വിവിധ പ്രവിശ്യകളിലായി ഇതുവരെ അനുവദിച്ച ലൈസൻസുകളുടെ എണ്ണം.