പതാകദിനം: ഖസർ അൽ ഹുസ്നിൽ പതാക ഉയർത്തി യു.എ.ഇ പ്രസിഡന്റ്
യു.എ.ഇ പതാകദിനത്തോടനുബന്ധിച്ച് അബുദാബിയിലെ ചരിത്രപ്രസിദ്ധമായ ഖസർ അൽ ഹുസ്നിൽ (Qasr Al Hosn) ദേശീയ പതാക ഉയർത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 55 പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലാണ് ശൈഖ് മുഹമ്മദ് പതാകയുയർത്തിയത്. യു.എ.ഇ രൂപീകരണത്തിന്റെ 55 വർഷത്തെ ചരിത്രത്തെയും ഐക്യത്തെയുമാണ് ചടങ്ങിൽ പങ്കെടുത്ത 55 അംഗ സംഘം പ്രതിനിധീകരിച്ചത്.
ചടങ്ങിൽ രാഷ്ട്രപിതാവും അന്തരിച്ച ഭരണാധികാരിയുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ അനുസ്മരിച്ചു. 1971 ഡിസംബർ രണ്ടിനാണ് ശൈഖ് സായിദിന്റെയും മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികളുടെയും നേതൃത്വത്തിൽ യു.എ.ഇ ഔദ്യോഗികമായി രൂപീകൃതമായത്.
എല്ലാ വർഷവും നവംബർ മൂന്നിനാണ് യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലും ഒരേസമയത്ത് അഭിമാനപൂർവ്വം പതാകദിനം ആചരിക്കുന്നത്. അബുദാബിയിലെ ഏറ്റവും പഴക്കമേറിയ ചരിത്രസ്മാരകമായ ഖസർ അൽ ഹുസ്നിലാണ് മുൻവർഷങ്ങളിലെന്നപോലെ ഇത്തവണയും യു.എ.ഇ പ്രസിഡന്റ് ഔദ്യോഗികമായി പതാക ഉയർത്തിയത്.
