ദുബായ് വിമാനത്താവളത്തിൽ 'ഫ്ലേം ട്രീ' വസന്തം; യാത്രികർക്കായി ജിഡിആർഎഫ്എയുടെ പ്രത്യേക സ്വീകരണം

  1. Home
  2. International

ദുബായ് വിമാനത്താവളത്തിൽ 'ഫ്ലേം ട്രീ' വസന്തം; യാത്രികർക്കായി ജിഡിആർഎഫ്എയുടെ പ്രത്യേക സ്വീകരണം

flame tree


വേനലിന്റെ വരവറിയിച്ച് ദുബായിലെ തെരുവുകളിലും പാർക്കുകളിലും ചുവപ്പും ഓറഞ്ചും നിറങ്ങൾ പടർത്തി 'ഫ്ലേം ട്രീ' (വാകമരങ്ങൾ) പൂത്തുലയുമ്പോൾ, ആ നഗരസൗന്ദര്യം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പടരുന്നു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ഒരുക്കിയ പ്രത്യേക 'ഫ്ലേം ട്രീ സീസൺ' സംരംഭം അന്താരാഷ്ട്ര യാത്രികർക്ക് പുത്തൻ ദൃശ്യാനുഭവവും വേറിട്ട സ്വീകരണവുമാണ് സമ്മാനിക്കുന്നത്. ദുബായുടെ സാംസ്കാരിക ആകർഷണവും ഊർജ്ജസ്വലതയും പ്രതിഫലിപ്പിക്കുന്നതിനൊപ്പം പ്രവാസികളെയും സഞ്ചാരികളെയും നഗരത്തിന്റെ പ്രകൃതിഭംഗിയിലേക്ക് വരവേൽക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പാസ്‌പോർട്ടിൽ ചുവപ്പ് പൂക്കൾ; കുട്ടികൾക്കായി കളറിംഗ് ബുക്കുകൾ

ഫ്ലേം ട്രീ സീസണിന്റെ ഭാഗമായി ടെർമിനൽ 3-ൽ എത്തുന്ന യാത്രികരുടെ പാസ്‌പോർട്ടുകളിൽ ഈ സീസണിന്റെ ഓർമ്മയ്ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത 'ഫ്ലേം ട്രീ' മുദ്ര പതിപ്പിച്ചു നൽകുന്നുണ്ട്. ഒപ്പം എമിഗ്രേഷൻ കൗണ്ടറുകളിലെ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക വസ്ത്രത്തിൽ ഫ്ലേം ട്രീ പൂക്കളുടെ മനോഹരമായ ബാഡ്ജുകൾ ധരിച്ചാണ് യാത്രികരെ സ്വീകരിക്കുന്നത്.

യാത്രക്കാരായ കുട്ടികൾക്കായി ആകർഷകമായ തീം കളറിംഗ് പാസ്‌പോർട്ടുകളും കഥാപുസ്തകങ്ങളും ജിഡിആർഎഫ്എ അധികൃതർ വിതരണം ചെയ്യുന്നുണ്ട്. യാത്രികർക്ക് നൽകുന്ന പ്രത്യേക ഗൈഡിൽ ഈ സീസണിൽ ദുബായിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂലൈ വരെ നീളുന്ന ഫ്ലേം ട്രീ പൂക്കാലം ദുബായുടെ ജീവിതശൈലിയുടെ തന്നെ ഭാഗമാണ്. മഡഗാസ്കർ ജന്മദേശമായ ഈ വൃക്ഷം കുറഞ്ഞ ജലോപയോഗത്തിൽ വളരുന്നതും കടുത്ത വേനലിലും നഗരത്തിന് തണലും കുളിർമയും നൽകുന്നതുമാണ്. ജിഡിആർഎഫ്എ ദുബായ് നടപ്പിലാക്കുന്ന ഇത്തരം സർഗ്ഗാത്മകമായ ഇടപെടലുകൾ ദുബായെ ഒരു മികച്ച ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.