നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; മരണസംഖ‍്യ 160 കടന്നു, 826 പേരെ കാണാതായി

  1. Home
  2. International

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; മരണസംഖ‍്യ 160 കടന്നു, 826 പേരെ കാണാതായി

image


നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങൾ നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ജാഗ്രതാ നിർദേശം. മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ താത്കാലിക തടയണകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇവ തകർന്നാൽ ശക്തമായ രണ്ടാം പ്രളയ തരംഗമുണ്ടാകാമെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി.

അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വഴിയിൽ കുടുങ്ങിയ മലയാളികളുടെ സംഘം സുരക്ഷിത സ്ഥാനത്തെത്തി. കൊച്ചിയിലെ യാത്രാ ഏജൻസി വഴി നേപ്പാളിലെത്തിയ 36 പേരടങ്ങുന്ന സംഘമാണ് സുരക്ഷിതമായി ഹോട്ടലിൽ എത്തിയത്. പ്രളയബാധിത മേഖലയ്ക്ക് സമീപം ഇന്നലെ ആറ് മണിക്കൂറോളം റോഡിൽ കുടുങ്ങിയ സംഘം രണ്ട് വാഹനങ്ങളിലായാണ് പിന്നീട് ഹോട്ടലിലെത്തിയത്. ഈ മാസം 23നാണ് സംഘം നേപ്പാളിലെത്തിയത്. 29ന് കേരളത്തിലേക്ക് മടങ്ങും.

ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച രസുവ, നുവാകോട്ട് ജില്ലകളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി. രണ്ടായിരത്തോളം സൈനികരെയാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്. പ്രളയത്തിൽ കുടുങ്ങിയ 97 പേരെ സൈന്യം ഇതുവരെ രക്ഷപ്പെടുത്തി. ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളും രക്ഷപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.മിന്നൽ പ്രളയത്തിൽ ഇതുവരെ 165 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.