വിമാന ടിക്കറ്റുകൾ ഇനി ഇഎംഐ വഴിയും സ്വന്തമാക്കാം; ഇന്ത്യക്കാർക്ക് ആകർഷകമായ യാത്രാ പദ്ധതികളുമായി എമിറേറ്റ്സ്
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി ആകർഷകമായ മാസത്തവണ (EMI) സൗകര്യം പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ്. ഇതോടെ എമിറേറ്റ്സ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക മുഴുവനായി ഒരുമിച്ച് അടയ്ക്കാതെ ഘട്ടംഘട്ടമായി അടച്ചുതീർക്കാനാകും.
ഇന്ത്യയിൽ നിന്ന് എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (emirates.com) വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാണ് ഈ ഫ്ലെക്സിബിൾ പേയ്‌മെന്റ് സൗകര്യം ലഭ്യമാകുക. മൂന്ന് മുതൽ 36 മാസം വരെയുള്ള വിവിധ കാലയളവുകളിലേക്ക് തവണകൾ ക്രമീകരിക്കാൻ സാധിക്കും. ഈ ഇഎംഐ പദ്ധതി പ്രയോജനപ്പെടുത്തി എമിറേറ്റ്സ് സർവീസ് നടത്തുന്ന 140-ലധികം ആഗോള നഗരങ്ങളിലേക്ക് യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), എച്ച്.ഡി.എഫ്.സി (HDFC), ഐ.സി.ഐ.സി.ഐ (ICICI), ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഇൻഡസ്ഇൻഡ്, ബാങ്ക് ഓഫ് ബറോഡ, എച്ച്.എസ്.ബി.സി (HSBC), ഐ.ഡി.ബി.ഐ (IDBI), ആർ.ബി.എൽ (RBL), സ്റ്റാൻഡേർഡ് ചാർട്ടേഡ്, യെസ് ബാങ്ക് എന്നിവ വഴി ടിക്കറ്റുകൾ ഇഎംഐ വ്യവസ്ഥയിലേക്ക് മാറ്റാൻ സാധിക്കും.
യാത്രക്കാർക്ക് ഏറെ നാളായി ആഗ്രഹിക്കുന്ന അവധിക്കാല യാത്രകൾ പണക്ഷാമം മൂലം മാറ്റിവെക്കാതെ എളുപ്പത്തിൽ യാഥാർത്ഥ്യമാക്കാൻ ഈ പുതിയ പദ്ധതി ഏറെ സഹായകരമാകുമെന്ന് എമിറേറ്റ്സ് ഇന്ത്യ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ വ്യക്തമാക്കി.
