നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; റസുവയിൽ ജാഗ്രത ശക്തമാക്കി, മരണം 734 ആയി

  1. Home
  2. International

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; റസുവയിൽ ജാഗ്രത ശക്തമാക്കി, മരണം 734 ആയി

nepal


പ്രളയക്കെടുതിയിൽ നിന്ന് കരകയറും മുമ്പ് നേപ്പാളിൽ വീണ്ടും പ്രളയഭീഷണി. റസുവ ജില്ലയിൽ ഭോട്ടേ കോശി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ നദീതീര മേഖലകളിൽ ജാഗ്രത ശക്തമാക്കി. റസുവ, നുവാകോട്ട്, ധാഡിംഗ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 734 ആയി. ദുരന്തം സംഭവിച്ച് അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. 1,400ലധികം പേരെ കാണാതായതായാണ് സർക്കാർ കണക്ക്. ഇതിൽ 275 ഇന്ത്യക്കാരും ഉൾപ്പെടുന്നു. അതേസമയം, ചൈന അതിർത്തിക്ക് സമീപം 900ഓളം ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തെരച്ചിൽ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള തുരങ്ക സാങ്കേതിക വിദഗ്ധരുടെ സംഘവും ഡിഎൻഎ പരിശോധനയ്ക്കുള്ള ഫോറൻസിക് വിദഗ്ധരുടെ സംഘവും നേപ്പാളിലെത്തി. 11 ടൺ അവശ്യ ദുരിതാശ്വാസ സാമഗ്രികളുമായുള്ള ഇന്ത്യയുടെ നാലാമത്തെ വിമാനവും നേപ്പാളിലെത്തി.

അതേസമയം, പ്രളയ മുന്നറിയിപ്പിനെ തുടർന്ന് ബിഹാറിൽ അഞ്ച് ജില്ലകളിൽ നിന്നായി 5,600 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പടിഞ്ഞാറൻ ചമ്പാരൻ, സീതാമർഹി ജില്ലകളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.

ഉത്തർപ്രദേശിലും പ്രളയസാഹചര്യം ആശങ്ക ഉയർത്തുകയാണ്. മന്ദാകിനി നദി കരകവിഞ്ഞൊഴുകിയതിന് പിന്നാലെ ഗന്ധക് നദിയിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

പട്‌നയിൽ ഗംഗാനദിയിലെ ജലനിരപ്പ് പലയിടങ്ങളിലും അപകടനിലയ്ക്ക് മുകളിലാണ്. നേപ്പാളിലെ പുതിയ പ്രളയഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിലും ജാഗ്രത തുടരുകയാണ്.