അബൂദബിയിലും പറക്കും ടാക്‌സി യാഥാർത്ഥ്യത്തിലേക്ക്; പറക്കൽ പരീക്ഷണം വിജയകരം

ദുബൈക്ക് പിന്നാലെ അബൂദബിയിലും പറക്കും ടാക്സിയുടെ പരീക്ഷണ പറക്കൽ വിജയകരമായി. അൽ ബതീൻ എക്സിക്യൂട്ടിവ് വിമാനത്താവളത്തിലാണ് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർച്ചർ ഏവിയേഷനും അബൂദബി നിക്ഷേപ ഓഫിസും സംയുക്തമായി പരീക്ഷണ പറക്കൽ നടത്തിത്.അടുത്തവർഷം ആദ്യത്തോടെ വാണിജ്യാടിസ്ഥാനത്തിൽ സർവിസ് നടത്തുന്നതിന് മുന്നോടിയായാണ് പരീക്ഷണ പറക്കൽ സംഘടിപ്പിച്ചത്. അൽ ബതീൻ എക്സിക്യൂട്ടിവ് എയർപോർട്ടിൽ വെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിങ്ങുമാണ് എയർ ടാക്‌സി നടത്തിയത്.
അബൂദബിയിലും യു.എ.ഇയിലും എയർ ടാക്സികൾ വാണിജ്യതലത്തിൽ സാധ്യമാക്കുന്നതിനുള്ള നിരവധി നടപടികളിൽ ആദ്യ ചുവടുവെപ്പാണ് ഇന്ന് പൂർത്തിയാക്കിയതെന്ന് അബൂദബി നിക്ഷേപ ഓഫിസിലെ ഓട്ടോണമസ് മൊബിലിറ്റി ആൻഡ് റോബോട്ടിക്‌സ് മേധാവി ഉമ്രാൻ മാലിക് വ്യക്തമാക്കി.കേവലമൊരു എയർ ടാക്സി സേവനം ആരംഭിക്കുക മാത്രമല്ല മറിച്ച് പൈലറ്റ് പരിശീലനം മുതൽ നിർമാണം വരെയുള്ള പ്രക്രിയകൾ പടുത്തുയർത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവ കലാശാലകളുമായി സഹകരിച്ച് ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകൾ നൽകി തൊഴിൽ ശക്തി വികസിപ്പി ച്ചെടുക്കുമെന്നും അവരെ ഈ വ്യവസ്ഥയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂടുകാലത്തോട് വാഹനം എങ്ങനെ പ്രതികരിക്കുന്നുവെന്നറിയുന്നതിനായി ഈ വേനൽകാലം മുഴുവൻ പരീക്ഷണ പറക്കൽ നടത്തും.അതിനുശേഷം നഗരത്തിനു മുകളിലൂടെ പറത്തുകയും 2026 ആദ്യംതന്നെ വാണിജ്യവത്കരിക്കുന്ന ഘട്ടത്തിനു തുടക്കം കുറിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.