അഴിമതി അന്വേഷണത്തിന് പിന്നാലെ; ഷെയ്ഖ് ഹസീനയുടെ മകൾ സായ്മ വാസൈദ് ലോകാരോഗ്യ സംഘടനാ പദവി രാജിവച്ചു
സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സായ്മ വാസൈദ് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലാ ഡയറക്ടർ സ്ഥാനം രാജിവച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോകാരോഗ്യ സംഘടനയിൽ ചുമതലയേൽക്കുന്നതിന് മുൻപ് ഡൽഹിയിലായിരുന്നു സായ്മ വാസൈദ് താമസിച്ചിരുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ ഡബ്ല്യു.എച്ച്.ഒ നിർദേശിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ബംഗ്ലദേശിലെ അഴിമതി വിരുദ്ധ കമ്മിഷൻ വ്യാജരേഖ ചമയ്ക്കലും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് 2025 മാർച്ചിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ജൂലൈയിലാണ് അവർ അവധിയിൽ പ്രവേശിച്ചത്.
ചൈന സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും അക്കാദമിക് യോഗ്യതകളിൽ തെറ്റായ വിവരങ്ങൾ നൽകിയുന്നുമാണ് കമ്മിഷന്റെ ആരോപണങ്ങൾ. എന്നാൽ ആരോപണങ്ങൾ സായ്മ വാസൈദ് നിഷേധിച്ചു. സംഘടനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും രാജിക്കത്തിൽ അവർ വ്യക്തമാക്കി.പുതിയ മേഖലാ ഡയറക്ടറെ കണ്ടെത്തുന്നതിനായി ഒക്ടോബർ 12ന് നാമനിർദേശങ്ങൾ ക്ഷണിക്കുമെന്നും ജനുവരി 24ന് തിരഞ്ഞെടുപ്പ് നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
