ഇത്തിഹാദ് റെയിലിൽ ആദ്യമായി കാറുകൾ കയറ്റിയയച്ചു
യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ ചരക്കുനീക്കത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. രാജ്യത്ത് ആദ്യമായി റെയിൽ വഴി കാറുകൾ വിജയകരമായി കയറ്റിയയച്ചു. പ്രമുഖ ഓട്ടോമോട്ടീവ് ഡീലറായ അൽ മസൂദ് ഓട്ടോമൊബൈൽസാണ് ഈ ചരിത്രപരമായ നീക്കത്തിന് പിന്നിൽ.
ഫുജൈറയിലെ കിഴക്കൻ തുറമുഖത്ത് നിന്ന് അബൂദബിയിലെ ഇൻഡസ്ട്രിയൽ സിറ്റിയിലേക്ക് (ICAD) നിസ്സാൻ കാറുകളാണ് റെയിൽ മാർഗ്ഗം എത്തിച്ചത്. ഇതോടെ, വാഹനങ്ങൾ കൊണ്ടുപോകാൻ ദേശീയ റെയിൽ ശൃംഖല പ്രയോജനപ്പെടുത്തുന്ന യുഎഇയിലെ ആദ്യത്തെ ഓട്ടോമോട്ടീവ് ഡീലറായി അൽ മസൂദ് ഓട്ടോമൊബൈൽസ് മാറി. റോഡ് മാർഗ്ഗമുള്ള ചരക്കുനീക്കം കുറയ്ക്കാനും കൂടുതൽ സുരക്ഷിതവും വേഗത്തിലുമുള്ള ഗതാഗതം ഉറപ്പാക്കാനും ഈ നീക്കം സഹായിക്കും.
രാജ്യത്തെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന ഏകദേശം 900 കിലോമീറ്റർ നീളമുള്ളതാണ് ഇത്തിഹാദ് റെയിൽ ശൃംഖല. വരും ദിവസങ്ങളിൽ കൂടുതൽ വാഹന നിർമ്മാതാക്കളും വ്യാപാരികളും റെയിൽ ശൃംഖലയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യുഎഇയിലെ ചരക്കുനീക്കത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് കരുത്തേകുമെന്നും അധികൃതർ വിലയിരുത്തുന്നു.
