ചരിത്രത്തിലാദ്യമായി ജപ്പാനിൽ നൂറു വയസ്സ് തികഞ്ഞവരുടെ എണ്ണം ഒരു ലക്ഷം കടന്നു
ജപ്പാനിൽ 100 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നതായി ജപ്പാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിൽ 1,07,677 ആളുകളാണ് നൂറ് വയസ്സ് തികഞ്ഞവരായി രാജ്യത്തുള്ളത്. നൂറ് വയസ്സ് കടന്നവരിൽ 88 ശതമാനവും സ്ത്രീകളാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ശതാബ്ദികൾ പൂർത്തിയാക്കിയവരുള്ള രാജ്യവും ജപ്പാനാണ്.
ക്യോട്ടോയിൽ നിന്നുള്ള 114 വയസ്സുള്ള ഫുയോ കിഷിമോട്ടോയാണ് ഏറ്റവും പ്രായം കൂടിയ സ്ത്രീ. 112 വയസ്സുള്ള ഹികാരു കാറ്റോയാണ് ഏറ്റവും പ്രായം കൂടിയ പുരുഷൻ. ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും വൈദ്യശാസ്ത്ര പുരോഗതിയുമാണ് ജാപ്പനീസ് ജനതയുടെ ദീർഘായുസ്സിന് പിന്നിലെ പ്രധാന ഘടകങ്ങൾ. 1963-ൽ കേവലം 153 പേർ മാത്രമായിരുന്ന ഈ പട്ടികയിലാണ് നിലവിൽ റെക്കോർഡ് വർധനവുണ്ടായിരിക്കുന്നത്.
അതേസമയം, ദീർഘായുസ്സ് വർധിക്കുമ്പോഴും രാജ്യത്തെ ക്രമാതീതമായി കുറയുന്ന ജനനനിരക്ക് വൻ സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം പേരും 65 വയസ്സിന് മുകളിലുള്ളവരാണ്. ആകെ പ്രത്യുത്പാദന നിരക്ക് 1.14 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് പതിച്ചതോടെ നിശബ്ദമായ അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
