കുവൈത്ത് വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾക്ക് അനുമതി; നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന പ്രവാസികൾക്ക് ആശ്വാസം
ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ തകർന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശ, ഗൾഫ് വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. ആക്രമണത്തിൽ ടെർമിനൽ ഒന്നിന് വലിയ നാശനഷ്ടം സംഭവിക്കുകയും ഒരാൾ മരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇവിടുത്തെ സർവീസുകൾ നിർത്തിവെച്ചത്.
നിലവിൽ ടെർമിനൽ ഒന്നിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, കുവൈത്ത് എയർവേയ്‌സ് മാത്രം ഉപയോഗിച്ചിരുന്ന ടെർമിനൽ നാലിൽ നിന്നാണ് വിദേശ വിമാനങ്ങൾക്ക് താൽക്കാലികമായി സർവീസ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം ജസീറ എയർവേയ്‌സ് ടെർമിനൽ അഞ്ചിൽ നിന്ന് തന്നെ സർവീസ് തുടരും.
സ്‌കൂൾ അവധിക്കാലം തുടങ്ങിയതോടെ നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ ബുദ്ധിമുട്ടിയ മലയാളി കുടുംബങ്ങൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം വലിയ തുണയാകും. കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ കുതിച്ചുയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. യാത്രക്കാർ വിമാന സമയം അതത് കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
