ഈസ്റ്റർ ഭീകരാക്രമണം: പിന്നിൽ മുൻ ഇന്റലിജൻസ് മേധാവി സുരേഷ് സല്ലെയെന്ന് ശ്രീലങ്കൻ പാർലമെന്റിൽ വെളിപ്പെടുത്തൽ
279 പേരുടെ മരണത്തിനിടയാക്കിയ 2019-ലെ ഈസ്റ്റർദിന ഭീകരാക്രമണം ആസൂത്രണം ചെയ്തതും നിയന്ത്രിച്ചതും രാജ്യത്തെ മുൻ ഇന്റലിജൻസ് ചീഫ് മേജർ ജനറൽ സുരേഷ് സല്ലേ ആണെന്ന് ശ്രീലങ്കൻ പാർലമെന്റിൽ ഔദ്യോഗിക വെളിപ്പെടുത്തൽ. പൊതുസുരക്ഷാ മന്ത്രി ആനന്ദ വിജേപാലയാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരാക്രമണത്തിൽ സുരേഷ് സല്ലെയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിക്കുന്ന ആദ്യ ഔദ്യോഗിക പ്രസ്താവനയാണിത്. ആക്രമണത്തിന് സഹായം നൽകിയെന്ന കുറ്റത്തിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾ അറസ്റ്റിലായത്.
സുരേഷ് സല്ലെ തീവ്രവാദികളുമായി ഗൂഢാലോചന നടത്തുകയും അവർക്ക് തന്ത്രപരമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആക്രമണം നടക്കേണ്ട കത്തോലിക്കാ ദേവാലയം തിരഞ്ഞെടുത്തത് സല്ലെയാണെന്നും, സ്ഫോടനത്തിന് മൂന്നാഴ്ച മുൻപ് യുവാക്കളുമായി കൂടിക്കാഴ്ച നടത്തി ഇയാൾ വിവരങ്ങൾ ശേഖരിച്ചുവെന്നും മന്ത്രി അറിയിച്ചു. സല്ലെയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജ്യം വിടുന്നത് കോടതി തടഞ്ഞിട്ടുണ്ട്. കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും ഗോട്ടബയയെ സി.ഐ.ഡി ഉടൻ ചോദ്യം ചെയ്യും.
2019-ലെ സ്ഫോടനത്തിന് തൊട്ടുപിന്നാലെയാണ് തീവ്രവാദം അടിച്ചമർത്തുമെന്ന വാഗ്ദാനവുമായി ഗോട്ടബയ രാജപക്സെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. അധികാരമേറ്റയുടൻ അദ്ദേഹം സുരേഷ് സല്ലെയെ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസിന്റെ (SIS) തലവനായി നിയമിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനും ഗോട്ടബയയ്ക്ക് അനുകൂല സാഹചര്യമൊരുക്കാനുമാണ് സല്ലെ ഭീകരാക്രമണത്തിന് ഒത്താശ ചെയ്തതെന്ന് 2023-ൽ ബ്രിട്ടീഷ് ചാനലായ 'ചാനൽ 4' റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. അതേസമയം, സല്ലെയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊളംബോയിൽ പ്രതിപക്ഷം പ്രതിഷേധം നടത്തുന്നുണ്ട്.
