സൗദിയിൽ അബ്ഷർ വഴി നാല് പുതിയ ഡിജിറ്റൽ സേവനങ്ങൾ കൂടി ആരംഭിച്ചു; ഇഖാമ ഫോട്ടോ മാറ്റാനും സൗകര്യം
സൗദി അറേബ്യയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ അബ്ഷർ (Absher) വഴി നാല് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ കൂടി ലഭ്യമാക്കി സിവിൽ സ്റ്റാറ്റസ് വിഭാഗം. ദേശീയ തിരിച്ചറിയൽ കാർഡിലെ (ഇഖാമ) ഫോട്ടോ അപ്‌ഡേറ്റ് ചെയ്യൽ, ഇലക്ട്രോണിക് രീതിയിൽ രജിസ്റ്റർ ചെയ്യാത്ത ജനന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കൽ, മരണ സർട്ടിഫിക്കറ്റ് നൽകൽ, താമസക്കാർക്ക് നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ മരണ സർട്ടിഫിക്കറ്റിന് പകരം പുതിയത് അപേക്ഷിക്കൽ എന്നീ സേവനങ്ങളാണ് അബ്ഷറിലേക്ക് പുതുതായി കൂട്ടിച്ചേർത്തത്.
ലീപ് (LEAP 2026) സാങ്കേതിക കോൺഫറൻസിനോടനുബന്ധിച്ച്, സാങ്കേതിക കാര്യ ആഭ്യന്തര സഹമന്ത്രി താമർ അൽ ഹർബിയുടെ സാന്നിധ്യത്തിൽ മേജർ ജനറൽ ഡോ. സാലിഹ് അൽ മുറബ്ബയാണ് പുതിയ ഡിജിറ്റൽ സേവനങ്ങൾ ഉദ്ഘാടനം ചെയ്തത്.
സിവിൽ രജിസ്ട്രി ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ അബ്ഷർ പ്ലാറ്റ്‌ഫോം വഴി ഇത്തരം പ്രധാന രേഖകളും സേവനങ്ങളും വേഗത്തിൽ ലഭ്യമാകുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും.
