ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച നാല് യുവതികളെ പെൺവാണിഭ സംഘത്തിൽനിന്ന് രക്ഷപ്പെടുത്തി; രക്ഷപ്പെട്ടവരിൽ 3 മലയാളികൾ

  1. Home
  2. International

ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച നാല് യുവതികളെ പെൺവാണിഭ സംഘത്തിൽനിന്ന് രക്ഷപ്പെടുത്തി; രക്ഷപ്പെട്ടവരിൽ 3 മലയാളികൾ

image


ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച 4 യുവതികളെ പെൺവാണിഭ സംഘത്തിന്റെ പിടിയിൽനിന്ന് പൊലീസ് രക്ഷപ്പെടുത്തി.രക്ഷപ്പെട്ടവരിൽ 3 പേർ മലയാളികളാണ്. ആലപ്പുഴ, തൃശൂർ സ്വദേശികളായ 3 മലയാളികളെയും തഞ്ചാവൂർ സ്വദേശിനിയെയുമാണ് രക്ഷപ്പെടുത്തി നാട്ടിലേക്ക് അയച്ചത്.നഴ്‌സും ഫിസിയോതെറാപ്പിസ്റ്റും ഉൾപ്പെടെയുള്ള യുവതികളെ 2,500 ദിർഹം ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് സന്ദർശക വിസയിൽ യുഎഇയിലെത്തിച്ചത്. ബഹ്‌റൈനിൽ 15 വർഷത്തെ തൊഴിൽപരിചയമുള്ള യുവതിയും തട്ടിപ്പിനിരയായവരിൽ ഉൾപ്പെടുന്നു.

റാസൽഖൈമയിലെ കേന്ദ്രത്തിൽ താമസിപ്പിച്ച യുവതികളെ അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ വെളിപ്പെടുത്തിയത്. വഴങ്ങാതിരുന്നപ്പോൾ മർദിക്കുകയും ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചെയ്തു. കേന്ദ്രം നടത്തിപ്പുകാർ ജോലിയെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം യുവതികൾ തിരിച്ചറിഞ്ഞത്. തുടർന്ന് നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

ബന്ധുക്കൾ റാസൽഖൈമ ഇന്ത്യൻ അസോസിയേഷനെ സമീപിച്ചതോടെയാണ് രക്ഷാപ്രവർത്തനത്തിന് വഴിയൊരുങ്ങിയത്. വിവിധ എമിറേറ്റുകളിൽ ശാഖകളുള്ള സംഘം താമസസ്ഥലം ഇടയ്ക്കിടെ മാറ്റിയിരുന്നതിനാൽ യുവതികളെ കണ്ടെത്തുക വെല്ലുവിളിയായി. ഒടുവിൽ ഇടപാടുകാരെന്ന വ്യാജേന നടത്തിപ്പുകാരെ ഫോണിൽ ബന്ധപ്പെട്ടാണ് യുവതികളെ തിരിച്ചറിഞ്ഞത്.

റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ. സലീം വിവരം നൽകിയതിനെത്തുടർന്ന് പൊലീസ് കേന്ദ്രത്തിൽ റെയ്ഡ് നടത്തി യുവതികളെ മോചിപ്പിച്ചു. നടത്തിപ്പുകാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി ഒളിവിലാണ്.

പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം യുവതികളെ നാട്ടിലേക്ക് അയച്ചു. വിസ കാലാവധി അവസാനിക്കാറായ രണ്ടുപേരെ തിങ്കളാഴ്ചയും മറ്റു രണ്ടുപേരെ ഇന്നലെയുമാണ് നാട്ടിലെത്തിച്ചത്. യുവതികൾക്ക് ഭക്ഷണം, താമസം, വിമാന ടിക്കറ്റ് എന്നിവ ഇന്ത്യൻ അസോസിയേഷൻ സൗജന്യമായി നൽകി.