2025 നാലാം പാദം; സൗദിയിൽ കാർ വാടകയ്ക്കെടുത്തത് 17 ലക്ഷത്തിലധികം ഉപയോക്താക്കൾ
സൗദി അറേബ്യയിൽ വ്യക്തികൾക്കായി നൽകുന്ന ഏകീകൃത ഇലക്ട്രോണിക് കാർ റെന്റൽ കരാറുകളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 2025-ന്റെ നാലാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) 17 ലക്ഷത്തിലധികം ഉപയോക്താക്കൾ കാറുകൾ വാടകയ്ക്കെടുത്തതായി പൊതുഗതാഗത അതോറിറ്റി (TGA) അറിയിച്ചു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് കാർ വാടകയ്ക്കെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നത് സാമ്പത്തിക രംഗത്തെ ഉണർവിനെയാണ് സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ ഏകീകൃത ഇലക്ട്രോണിക് കരാർ സംവിധാനം വാടകയ്ക്ക് നൽകുന്നവരുടെയും എടുക്കുന്നവരുടെയും അവകാശങ്ങൾ കൃത്യമായി സംരക്ഷിക്കുന്നുണ്ട്. ഇത് ഇടപാടുകളിലെ തർക്കങ്ങൾ കുറയ്ക്കാനും റെന്റൽ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കാനും സഹായിക്കുന്നു.
ഏറ്റവും കൂടുതൽ കരാറുകൾ നടന്നത് റിയാദ് പ്രവിശ്യയിലാണ് (33.91%). മക്ക (23.55%), കിഴക്കൻ പ്രവിശ്യ (15.28%) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അസീർ, മദീന, ഖസീം, ജിസാൻ, തബൂക്ക് എന്നീ പ്രവിശ്യകളിലും മികച്ച വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏറ്റവും കുറഞ്ഞ കരാറുകൾ രജിസ്റ്റർ ചെയ്തത് അൽ ബഹ പ്രവിശ്യയിലാണ് (0.52%).
