കാട്ടുതീ; അറ്റ്ലാന്റിക് തീരത്തുനിന്ന് 4000 പേരെ കൂടി ഒഴിപ്പിക്കാൻ ഫ്രാൻസ്

  1. Home
  2. International

കാട്ടുതീ; അറ്റ്ലാന്റിക് തീരത്തുനിന്ന് 4000 പേരെ കൂടി ഒഴിപ്പിക്കാൻ ഫ്രാൻസ്

EUROPE FIRE


 

കാട്ടുതീ ഭീഷണി ഒഴിയാത്തതിനാൽ അറ്റ്ലാന്റിക് തീരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് 4,000 പേരെ കൂടി ഒഴിപ്പിക്കാൻ ഫ്രാൻസ്. ലെഗെ-ക്യാപ്-ഫെററ്റ് ഉപദ്വീപിലെ പ്രശസ്തമായ അറ്റ്ലാന്റിക് ബീച്ചായ ഗ്രാൻഡ് ക്രോഹോട്ടിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം വീണ്ടും തീ പൊട്ടിപ്പുറപ്പെട്ടതായി പ്രാദേശിക അധികാരികൾ പറഞ്ഞു. തുടർന്നാണ് നടപടി. തീ പടരാതിരിക്കാനായി ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളമൊഴിക്കുന്നതായി അധിക‍ൃതർ വ്യക്തമാക്കി. ലാകാനൗവിലെ റിസോർട്ടിന് ചുറ്റുമുള്ള ക്യാമ്പ്‌സൈറ്റുകൾ, അവധിക്കാല ഗ്രാമങ്ങൾ, വിനോദസഞ്ചാര വസതികൾ, വിനോദ പാർക്കുകൾ എന്നിവിടങ്ങളിൽ നിന്ന് മുൻകരുതൽ നടപടിയായി ആളുകളെ ഒഴിപ്പിക്കുമെന്ന് ഗിറോണ്ടെ പ്രാദേശിക അധികൃതർ പറഞ്ഞു.

മുൻകരുതലിന്റെ ഭാഗമായി ലെ ഹെയ്‌ലനിൽ നിന്നും ബോർഡോയുടെ റിംഗ് റോഡിന് പുറത്തുള്ള മെറിഗ്നാക്, ഐസൈൻസ് എന്നിവയുടെ ചില ഭാഗങ്ങളിൽ നിന്നും ഒഴിപ്പിച്ച 60,000 നിവാസികളെ തിരിച്ചെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഫ്രാൻസിലും സ്‌പെയിനിലും പടർന്നുപിടിച്ച കാട്ടുതീയിൽ ഏകദേശം 330,000 ആളുകൾ പലായനം ചെയ്തു. രാജ്യങ്ങളിൽ ഉഷ്ണതരം​ഗ ഭീഷണി നിലനിൽക്കുന്നതിനാൽ വീണ്ടും കാട്ടുതീ പടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഫ്രാൻസിന്റെ തെക്കൻ മേഖലയായ ജിറോണ്ടിലാണ് കാട്ടുതീ വൻ നാശം വിതച്ചത്. ഹെക്ടർ കണക്കിന് പ്രദേശം കത്തിനശിച്ചു. 220,000 പേരെ ഒഴിപ്പിച്ചു.