വ്യാജ രേഖകൾ നൽകി കാർ വാടകയ്‌ക്കെടുത്ത് തട്ടിപ്പ്; ഉടമകൾക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്

  1. Home
  2. International

വ്യാജ രേഖകൾ നൽകി കാർ വാടകയ്‌ക്കെടുത്ത് തട്ടിപ്പ്; ഉടമകൾക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്

rop


ഒമാനിൽ വ്യാജ തിരിച്ചറിയൽ രേഖകളും കരാറുകളും ഉപയോഗിച്ച് വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങൾക്കെതിരെ റോയൽ ഒമാൻ പോലീസ് (ROP) ജാഗ്രതാ നിർദ്ദേശം നൽകി. വാഹനങ്ങളിലെ ജിപിഎസ് ഉൾപ്പെടെയുള്ള ട്രാക്കിങ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയ ശേഷമാണ് പ്രതികൾ തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ മോഷ്ടിക്കുന്ന വാഹനങ്ങൾ വിദേശത്തേക്ക് കടത്തുകയോ അല്ലെങ്കിൽ ഭാഗങ്ങൾ വേർപെടുത്തി സ്പെയർ പാർട്സുകളായി വിൽക്കുകയോ ആണ് ചെയ്യുന്നതെന്ന് പോലീസ് കണ്ടെത്തി.

വാടകയ്ക്ക് എടുക്കാൻ വരുന്ന ഉപഭോക്താക്കൾ നൽകുന്ന തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിക്കണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ ബിൻ ഹബീബ് അൽ ഖുറൈഷി നിർദ്ദേശിച്ചു. വിദേശികളാണെങ്കിൽ പാസ്‌പോർട്ടുകളിൽ സാധുവായ എൻട്രി വിസ ഉണ്ടെന്ന് ഉറപ്പുവരുത്തണം. വ്യാജ കരാറുകളിലൂടെ വാഹനം തട്ടിയെടുക്കുന്ന രീതിയും വ്യാപകമാകുന്നതായാണ് റിപ്പോർട്ടുകൾ. ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്നവർക്ക് സ്വന്തം വാഹനങ്ങൾ വാടകയ്ക്ക് നൽകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

വാഹനങ്ങളിൽ ആധുനിക സെക്യൂരിറ്റി ട്രാക്കിംഗ് സംവിധാനങ്ങൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതിർത്തി കടന്നുള്ള ഇത്തരം കുറ്റകൃത്യങ്ങൾ തടയാനും പ്രതികളെ പിടികൂടാനും രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് നിരീക്ഷണം ശക്തമാക്കിയതായും ആർഒപി അറിയിച്ചു. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ഒമാൻ പോലീസ് ആവശ്യപ്പെട്ടു.