ഗ്ലോബൽ വില്ലേജിൽ നവംബർ 6ന് ടിക്കറ്റെടുക്കുന്നവർക്ക് 7ന് സൗജന്യ പ്രവേശനം
ദുബായ് ഗ്ലോബൽ വില്ലേജിൽ നവംബർ 6 വെള്ളിയാഴ്ച രാത്രി ടിക്കറ്റെടുത്ത് സന്ദർശിക്കുന്നവർക്ക് നവംബർ 7ന് സൗജന്യ പ്രവേശനം. നവംബർ 6ന് വാങ്ങിയ ടിക്കറ്റ് സൂക്ഷിച്ചുവെക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ശനിയാഴ്ച ഗ്ലോബൽ വില്ലേജിലെത്തുമ്പോൾ 'ഗേറ്റ് ഓഫ് ദി വേൾഡിലുള്ള' വിവരശേഖരണ ബൂത്തിൽ പഴയ ടിക്കറ്റ് കാണിച്ച് കോംപ്ലിമെന്ററി ടിക്കറ്റ് സ്വന്തമാക്കാം. നവംബർ 7ന് മാത്രം ഉപയോഗിക്കാവുന്ന ഈ സൗജന്യ ടിക്കറ്റ് ആദ്യം എത്തുന്ന 3,100 പേർക്ക് മാത്രമായിരിക്കും ലഭിക്കുക.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 6 മുതൽ 10 വരെ ഗ്ലോബൽ വില്ലേജിൽ പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. 600 ഡ്രോണുകൾ അണിനിരക്കുന്ന ലൈറ്റ് ഷോ, അഞ്ച് ദിവസം നീളുന്ന സാംസ്കാരിക പരിപാടികൾ, പ്രത്യേക ഷോപ്പിങ് അനുഭവങ്ങൾ, കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.
