റമദാനിൽ 3.6 ലക്ഷം ഉംറ തീർഥാടകർക്ക് സൗജന്യ മുടി മുറിക്കൽ സേവനം

  1. Home
  2. International

റമദാനിൽ 3.6 ലക്ഷം ഉംറ തീർഥാടകർക്ക് സൗജന്യ മുടി മുറിക്കൽ സേവനം

hair cutting


റമദാൻ മാസത്തിൽ ഉംറ നിർവഹിക്കുന്ന 3.6 ലക്ഷം തീർഥാടകർക്ക് സൗജന്യമായി മുടി മുറിക്കാനുള്ള (തഹല്ലുൽ) സൗകര്യം ഒരുക്കി ഇരുഹറം കാര്യാലയം. മർവാ ഗേറ്റിനും ഹറം പള്ളിയുടെ കിഴക്കൻ മുറ്റത്തിനും സമീപമാണ് ഈ സേവനം ലഭ്യമാകുക. തഹല്ലുൽ സേവന സംവിധാനങ്ങൾ നവീകരിച്ചതിന്റെ ഭാഗമായി 12 മൊബൈൽ യൂണിറ്റുകളാണ് ഈ സീസണിൽ പ്രവർത്തിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം നിയുക്ത സ്ഥലങ്ങൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

സാധാരണ ഗതിയിൽ എട്ട് മൊബൈൽ യൂണിറ്റുകളാണ് ഉണ്ടാകാറുള്ളതെങ്കിൽ തിരക്ക് പരിഗണിച്ച് റമദാനിൽ ഇത് 12 ആയി വർധിപ്പിച്ചു. ഇതിൽ പത്തെണ്ണം പുരുഷന്മാർക്കും രണ്ടെണ്ണം സ്ത്രീകൾക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. പ്രതിമാസം ശരാശരി 2,10,000 തീർഥാടകരും ദിവസേന 7000 പേരും നിലവിൽ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതുവരെ രണ്ട് ദശലക്ഷത്തിലധികം പേർക്ക് ഈ സൗകര്യം ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി ഇഹ്റാമിൽ നിന്ന് പുറത്തുകടക്കുന്ന പ്രക്രിയയായ തഹല്ലുൽ സുഗമമാക്കുന്നതിനാണ് അധികൃതർ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉപകരണങ്ങളും സേവന മേഖലയും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നുണ്ട്. ഏകദേശം നാല് മിനിറ്റിൽ താഴെ മാത്രമാണ് ഇവിടെ കാത്തിരിപ്പ് സമയം വേണ്ടിവരുന്നത്. മുടി മുറിക്കുന്ന സേവനത്തിന് കേവലം രണ്ട് മിനിറ്റ് സമയം മാത്രമേ എടുക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.