ട്രെയിനിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക്; ഇത്തിഹാദ് റെയിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് യു.എ.ഇ പ്രസിഡന്റ്, സർവിസുകൾക്ക് നാളെ തുടക്കം

  1. Home
  2. International

ട്രെയിനിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക്; ഇത്തിഹാദ് റെയിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് യു.എ.ഇ പ്രസിഡന്റ്, സർവിസുകൾക്ക് നാളെ തുടക്കം

etihad rail


ഇത്തിഹാദ് റെയിലിന്റെ പുതിയ പാസഞ്ചർ സ്റ്റേഷൻ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബുദാബിയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്തത് ട്രെയിനിൽ. യാത്രാ സർവീസുകൾ ഔദ്യോഗികമായി ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രസിഡന്റിന്റെ ഈ ട്രെയിൻ യാത്ര. ദുബായിൽ നിന്നുള്ള ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സേവനങ്ങൾക്ക് ബുധനാഴ്ച രാവിലെ തുടക്കമാകും.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചേർന്നാണ് പുതിയ പാസഞ്ചർ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. യാത്രയ്ക്കിടെ രാജ്യത്തെ റെയിൽ ശൃംഖലയുടെ മാപ്പും പദ്ധതിയുടെ പുരോഗതിയും ശൈഖ് മുഹമ്മദ് നേരിട്ട് വിലയിരുത്തി സന്തോഷം പങ്കുവെച്ചു. ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ, ഇത്തിഹാദ് റെയിൽ സി.ഇ.ഒ ശാദി മലാക് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

വിവിധ എമിറേറ്റുകൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാനും സുരക്ഷിതമായ ഗതാഗതസൗകര്യം ഉറപ്പാക്കാനും ഇത്തിഹാദ് റെയിൽ യാത്രാ സർവീസുകളിലൂടെ സാധിക്കും. അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന സ്റ്റേഷന്റെ പ്രവർത്തനങ്ങളും തുടർന്നുള്ള പദ്ധതി ഘട്ടങ്ങളും ഉന്നതതല സംഘം പരിശോധിച്ച് ഉറപ്പുവരുത്തി.