ഫുജൈറ വാഹനാപകടം: യു.എ.ഇക്ക് അനുശോചനമറിയിച്ച് ഒമാൻ; പരിക്കേറ്റവരിൽ ഒമാൻ പൗരന്മാരും

  1. Home
  2. International

ഫുജൈറ വാഹനാപകടം: യു.എ.ഇക്ക് അനുശോചനമറിയിച്ച് ഒമാൻ; പരിക്കേറ്റവരിൽ ഒമാൻ പൗരന്മാരും

accident


യു.എ.ഇയിലെ ഫുജൈറയിൽ 14 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഒമാൻ. യു.എ.ഇ ഭരണകൂടത്തിന്റെയും മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേർന്ന ഒമാൻ, അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

വ്യാഴാഴ്ച പുലർച്ചെ ഫുജൈറ എമിറേറ്റിന്റെ പ്രവേശന കവാടമായ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം ദിശതെറ്റി ഗതാഗതക്കുരുക്കിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ ട്രക്കിന് തീപിടിക്കുകയും തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയും ചെയ്തു. 18 കാറുകളും അഞ്ച് ട്രക്കുകളും ഉൾപ്പെടെ 23 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരിൽ ഒമാൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. യു.എ.ഇ, ഇന്ത്യ, ബ്രസീൽ, പാകിസ്താൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പരിക്കേറ്റവരിലുണ്ട്. ഇതിൽ 15 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ബാക്കി 15 പേർ ചികിത്സയിൽ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുന്നുണ്ടെന്നും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡി.എൻ.എ പരിശോധന പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.