ജി.സി.സി പൗരന്മാർക്ക് മെയ് മൂന്ന് വരെ ഉംറ നിർവഹിക്കാം; മക്കയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി
സൗദി അറേബ്യയുൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്ക് ഉംറ തീർഥാടനത്തിനായി മക്കയിൽ പ്രവേശിക്കാൻ മെയ് മൂന്ന് (ദുൽ ഖഅ്ദ 15) വരെ അനുമതിയുണ്ടാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. എന്നാൽ ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഹജ്ജ് സീസൺ പ്രമാണിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഹജ്ജ് പെർമിറ്റുള്ളവർക്കും മക്കയിൽ ജോലി ചെയ്യുന്നതിനായി ഔദ്യോഗിക അനുമതി പത്രം (തസ്രീഹ്) കൈവശമുള്ളവർക്കും മാത്രമേ മക്കയിലേക്ക് പ്രവേശനം അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 19 മുതൽ വിദേശ തീർഥാടകർ ഹജ്ജിനായി വിമാനമാർഗവും കപ്പൽ വഴിയും എത്തിത്തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വിസിറ്റ് വിസയിൽ സൗദിയിലുള്ളവർ നിശ്ചിത സമയത്തിനുള്ളിൽ മടങ്ങണമെന്ന് മന്ത്രാലയം നേരത്തെ തന്നെ കർശന നിർദ്ദേശം നൽകിയിരുന്നു.
ഹജ്ജ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് മുമ്പുള്ള ഈ അവസാന അവസരം പ്രയോജനപ്പെടുത്താൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വദേശി തീർഥാടകർ മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീർഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ ഹറം പള്ളിക്ക് ചുറ്റുമുള്ള ഹോട്ടലുകൾ ഭൂരിഭാഗവും ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞു. തിരക്ക് കണക്കിലെടുത്ത് വാരാന്ത്യ ദിനങ്ങളിൽ ഹോട്ടൽ മുറികളുടെ വാടകയിൽ വലിയ വർദ്ധനവാണ് നിലവിൽ രേഖപ്പെടുത്തുന്നത്.
