റിയാദിൽ ജിസിസി ആഭ്യന്തര മന്ത്രിമാരുടെ അടിയന്തര യോഗം; സുരക്ഷാ ഏകോപനം ശക്തമാക്കാൻ തീരുമാനം
പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും അംഗരാജ്യങ്ങൾക്കിടയിലെ സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനുമായി ഗൾഫ് സഹകരണ കൗൺസിൽ (GCC) ആഭ്യന്തര മന്ത്രിമാരുടെ അടിയന്തര യോഗം സൗദി തലസ്ഥാനമായ റിയാദിൽ ചേർന്നു. ബഹ്‌റൈൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. മേഖലയിലെ പുതിയ സംഭവവികാസങ്ങളും ജിസിസി രാജ്യങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനുള്ള സുരക്ഷാ നടപടികളും യോഗത്തിൽ പ്രധാന ചർച്ചയായി.
സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് സൗദി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി. ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. അംഗരാജ്യങ്ങൾക്കിടയിൽ സംയുക്ത സുരക്ഷാ ഏകോപനവും വിവര കൈമാറ്റവും വർദ്ധിപ്പിക്കാനുള്ള വഴികൾ യോഗം അവലോകനം ചെയ്തു.
മേഖലയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് ജിസിസി രാജ്യങ്ങൾക്കിടയിലുള്ള ശക്തമായ ഐക്യം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. അതിർത്തി സുരക്ഷ, സൈബർ ഭീഷണികൾ, മറ്റു സുരക്ഷാ വെല്ലുവിളികൾ എന്നിവയിൽ സംയുക്തമായ കർമ്മപദ്ധതികൾ രൂപീകരിക്കുന്നത് സംബന്ധിച്ചും മന്ത്രിമാർ ചർച്ച നടത്തി.
