ജി.സി.സി റെയിൽവേ പദ്ധതി 2030ഓടെ പൂർത്തിയാക്കും; ഗൾഫ് ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ നിർണായക തീരുമാനം

  1. Home
  2. International

ജി.സി.സി റെയിൽവേ പദ്ധതി 2030ഓടെ പൂർത്തിയാക്കും; ഗൾഫ് ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ നിർണായക തീരുമാനം

gcc


ഗൾഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സംയുക്ത റെയിൽവേ പദ്ധതി 2030 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് ജി.സി.സി ഗതാഗത മന്ത്രിമാർ പ്രഖ്യാപിച്ചു. ഓൺലൈനായി ചേർന്ന ഗതാഗത മന്ത്രിമാരുടെ ഉന്നതതല യോഗത്തിലാണ് ഈ നിർണായക സമയക്രമം വ്യക്തമാക്കിയത്. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ചരക്കുനീക്കവും വിതരണ ശൃംഖലയും കൂടുതൽ സുഗമമാക്കുന്നതിനും പദ്ധതി അത്യന്താപേക്ഷിതമാണെന്ന് മന്ത്രിതല യോഗം വിലയിരുത്തി.

മേഖലയിൽ ഉയർന്നുവരുന്ന പുതിയ ഭൗമരാഷ്ട്രീയ വെല്ലുവിളികളെ നേരിടാനും ഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഈ റെയിൽ ശൃംഖല സഹായിക്കും. നിലവിൽ പദ്ധതിയുടെ പുരോഗതി കൃത്യമായ സമയക്രമത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും പ്രവർത്തനങ്ങൾ ഇനിയും വേഗത്തിലാക്കാൻ സംയുക്ത പരിശ്രമങ്ങൾ തുടരുമെന്നും യോഗത്തിന് ശേഷം മന്ത്രിമാർ അറിയിച്ചു.

മനാമ, ജിദ്ദ ഉച്ചകോടികളിലെ ജി.സി.സി സുപ്രീം കൗൺസിൽ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. ബഹ്‌റൈനെ പ്രതിനിധീകരിച്ച് ഗതാഗത, ടെലികോം മന്ത്രി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലെ ഗതാഗത, തുറമുഖ, ലോജിസ്റ്റിക്സ് മേഖലകളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളുടെ സമഗ്രമായ സുരക്ഷയ്ക്കും വികസനത്തിനും റെയിൽവേ പദ്ധതി നിർണ്ണായക തൂണായിരിക്കുമെന്ന് ശൈഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.