ജി.സി.സി-യു.എസ് മന്ത്രിതല യോഗം; അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നാളെ ബഹ്‌റൈനിലെത്തും
ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നാളെ ബഹ്‌റൈനിലെത്തും. നാളെ നടക്കുന്ന ജി.സി.സി-യു.എസ് (GCC-US) മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനെത്തുന്ന അദ്ദേഹത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനൊപ്പം ഇരുപക്ഷവും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
അമേരിക്കയുമായുള്ള ദീർഘകാല സൗഹൃദത്തിലും സഹകരണത്തിലും രാജ്യം അഭിമാനിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും ഒപ്പുവെച്ച 'കോംപ്രിഹെൻസീവ് സെക്യൂരിറ്റി ഇന്റഗ്രേഷൻ ആൻഡ് പ്രോസ്പിരിറ്റി എഗ്രിമെന്റ്' പ്രകാരം ഈ ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണ്. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻകൈകളെ ബഹ്‌റൈൻ പിന്തുണയ്ക്കുന്നതായും മന്ത്രാലയം അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച പുതിയ ധാരണാപത്രത്തെയും, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങളെയും ബഹ്‌റൈൻ സ്വാഗതം ചെയ്തു. ഒപ്പം, അയൽരാജ്യങ്ങളുമായുള്ള സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കാനും ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം നിലനിർത്താനും ഇറാൻ കൃത്യമായ സമീപനം സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. പ്രാദേശിക സുരക്ഷയ്ക്കും ആഗോള വാണിജ്യ-ഭക്ഷ്യ വിതരണ ശൃംഖലയുടെ സുഗമമായ പ്രവർത്തനത്തിനും ഇത് അനിവാര്യമാണെന്നും ബഹ്‌റൈൻ കൂട്ടിച്ചേർത്തു.
