ജീവനക്കാരുടെ സന്തോഷം വർധിപ്പിക്കാൻ ജി.ഡി.ആർ.എഫ്.എ; ‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം തുടങ്ങി
ജീവനക്കാരുടെ സന്തോഷവും ക്ഷേമവും വർധിപ്പിക്കുന്നതിനും ജോലി-ജീവിത സന്തുലിതാവസ്ഥ (Work-Life Balance) പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ്-ദുബൈ (GDRFA) ‘ഹാപ്പിനസ് ഇൻ ട്രാവൽ’ എന്ന പേരിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ദുബൈ ജി.ഡി.ആർ.എഫ്.എയുടെ മുഖ്യ കാര്യാലയത്തിലാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിന് തുടക്കമായത്.
സ്വദേശി ജീവനക്കാരുടെയും ഇന്ത്യക്കാർ അടക്കമുള്ള വിദേശി ജീവനക്കാരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും, കൂടുതൽ ആഹ്ലാദഭരിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട സംരംഭം. ജോലി സംബന്ധമായ ഉത്തരവാദിത്തങ്ങൾക്കൊപ്പം കുടുംബത്തിനും വ്യക്തിജീവിതത്തിനും ആവശ്യമായ സമയം കണ്ടെത്താൻ ജീവനക്കാരെ സഹായിക്കുന്ന ക്ഷേമപദ്ധതികളുടെ ഭാഗമായാണ് ഇതൊക്കെയെന്ന് അധികൃതർ വ്യക്തമാക്കി.
പ്രമുഖ എയർലൈൻ കമ്പനികൾ, അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലകൾ, പ്രശസ്ത ട്രാവൽ ഏജൻസികൾ എന്നിവയാണ് അഞ്ച് ദിവസത്തെ പ്രദർശനത്തിൽ അണിനിരക്കുന്നത്. ജി.ഡി.ആർ.എഫ്.എ ജീവനക്കാർക്ക് പുറമെ ദുബൈ സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ജീവനക്കാർക്കും പ്രത്യേക യാത്രാ പാക്കേജുകൾ, വിമാന ടിക്കറ്റുകളിൽ ആകർഷകമായ കിഴിവുകൾ, ഹോട്ടൽ താമസ സൗകര്യങ്ങളിൽ പ്രത്യേക ഓഫറുകൾ, കുടുംബ അവധിക്കാല യാത്രകൾക്കായുള്ള എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ എന്നിവ ഈ പ്രദർശനത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
