2045-ഓടെ ഫോസിൽ ഇന്ധനങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ ജർമ്മനി, ഊർജ്ജ ഉൽപ്പാദനത്തിൽ വിപ്ലവകരമായ മാറ്റം

  1. Home
  2. International

2045-ഓടെ ഫോസിൽ ഇന്ധനങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ ജർമ്മനി, ഊർജ്ജ ഉൽപ്പാദനത്തിൽ വിപ്ലവകരമായ മാറ്റം

germany


2045-ഓടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പൂർണ്ണമായി അവസാനിപ്പിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനി. ഇതിന്റെ ആദ്യപടിയായി 2030-ഓടെ രാജ്യത്തെ വൈദ്യുതോൽപ്പാദനത്തിലെ പുനരുപയോഗ ഊർജ്ജ വിഹിതം 55 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിൻഡ് എനർജി പദ്ധതികളിലൂടെ 12 ജിഗാവാട്ടും (GW), സോളാർ എനർജിയിലൂടെ 215 ജിഗാവാട്ടും അധിക ശേഷി കൈവരിക്കാൻ പദ്ധതിയിടുന്നു.

2038-ഓടെ കൽക്കരി അധിഷ്ഠിത ഊർജ്ജ ഉപയോഗം പൂർണ്ണമായും നിർത്തലാക്കുന്നതിനായി, വരുന്ന ദശകത്തിൽ കൽക്കരി ഉപയോഗം ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കുമെന്ന തീരുമാനവും ജർമനി ആവർത്തിച്ചു. സാധ്യമെങ്കിൽ 2035-ഓടെ തന്നെ ഈ ലക്ഷ്യം കൈവരിക്കാനും രാജ്യം ശ്രമിക്കുന്നുണ്ട്.

2021-ലെ ആഗോള മീഥെയ്ൻ കരാറിന്റെ ഭാഗമായി 2030-ഓടെ മീഥെയ്ൻ വാതക പുറന്തള്ളൽ 30 ശതമാനം കുറയ്ക്കുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഫ്രാൻസ്, നെതർലൻഡ്സ് എന്നിവയ്ക്ക് ശേഷം ഫോസിൽ ഇന്ധന വിമുക്ത കർമ്മപദ്ധതി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ വികസിത രാജ്യമായി ഇതോടെ ജർമ്മനി മാറി. ഏപ്രിലിൽ കൊളംബിയയിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ തുടർച്ചയായാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.