ദുബായിൽ ആഗോള എയർപോർട്ട് ഷോ ഒക്ടോബർ 12 മുതൽ; അത്യാധുനിക ബയോമെട്രിക് സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും

  1. Home
  2. International

ദുബായിൽ ആഗോള എയർപോർട്ട് ഷോ ഒക്ടോബർ 12 മുതൽ; അത്യാധുനിക ബയോമെട്രിക് സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും

global airport show


യാത്രക്കാർക്ക് അതിവേഗവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുന്ന അത്യാധുനിക ബയോമെട്രിക് സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്ന 25-ാമത് ആഗോള എയർപോർട്ട് ഷോ ഒക്ടോബർ 12 മുതൽ 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തുമിന്റെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 30-ലേറെ രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം പ്രദർശകരും 120 ഔദ്യോഗിക പർച്ചേസിങ് പ്രതിനിധികളും മേളയിൽ പങ്കെടുക്കും.

ഗ്ലോബൽ എയർപോർട്ട് ലീഡേഴ്സ് ഫോറം, എയർപോർട്ട് സെക്യൂരിറ്റി മിഡിൽ ഈസ്റ്റ് തുടങ്ങി പ്രമുഖ രാജ്യാന്തര സമ്മേളനങ്ങളും ഇതിനോടനുബന്ധിച്ച് നടക്കും. മധ്യപൂർവ്വേഷ്യൻ, ദക്ഷിണേഷ്യൻ മേഖലകളിലെ വിമാനത്താവളങ്ങളുടെ നവീകരണത്തിന് ഈ മേള വലിയ പങ്കുവഹിക്കും. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള ബയോമെട്രിക് സംവിധാനങ്ങൾ വഴി വിമാനത്താവളങ്ങളിലെ പരിശോധനാ സമയം 40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്ന് രാജ്യാന്തര വ്യോമയാന സംഘടനയായ ‘അയാട്ട’ (IATA) വ്യക്തമാക്കുന്നു.

വ്യോമയാന രംഗത്തെ ആധുനികവൽക്കരണത്തിൽ യു.എ.ഇയിലെ വിമാനത്താവളങ്ങൾ ഏറെ മുന്നിലാണ്. നിലവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എ.ഐയിൽ പ്രവർത്തിക്കുന്ന ‘റെഡ് കാർപെറ്റ്’ സ്മാർട്ട് ടണൽ വഴി ഒരേസമയം പത്തിലധികം യാത്രക്കാരുടെ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലും പരിശോധനാ ഘട്ടങ്ങളിൽ മുഖം തിരിച്ചറിയുന്ന ബയോമെട്രിക് സംവിധാനമാണ് ഉപയോഗിക്കുന്നത്. 2032-ൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പൂർണ്ണമായും നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ സേവനങ്ങളായിരിക്കും ഇവിടെ ഒരുക്കുകയെന്നും അധികൃതർ വ്യക്തമാക്കി.