ഗ്ലോബൽ വില്ലേജ് സീസൺ 31 പ്രഖ്യാപിച്ചു; ഒക്ടോബർ 14 മുതൽ പ്രവർത്തനം ആരംഭിക്കും
പ്രമുഖ വിനോദ-സാംസ്കാരിക കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിന്റെ 31-ാമത് സീസൺ തീയതികൾ പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 14 മുതൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ സീസൺ 2027 മേയ് വരെ നീണ്ടുനിൽക്കും. 'എ മോർ വണ്ടർഫുൾ വേൾഡ്' (A More Wonderful World) എന്ന തീമിലാണ് ഇത്തവണത്തെ സീസൺ ഒരുങ്ങുന്നത്.
സന്ദർശകർക്ക് പുത്തൻ അനുഭവം സമ്മാനിക്കുന്നതിനായി വൈവിധ്യമാർന്ന വിനോദ പരിപാടികൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് ആകർഷണങ്ങൾ എന്നിവയ്‌ക്കൊപ്പം നിരവധി പുതിയ സവിശേഷതകളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
1997-ൽ ആരംഭിച്ചത് മുതൽ യു.എ.ഇയിലെയും വിദേശത്തെയും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ദുബായിലെ പ്രധാന വിനോദകേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്. വരും സീസണിലും ലോകസംസ്കാരങ്ങളെയും വേറിട്ട വിനോദസഞ്ചാര അനുഭവങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്താനുള്ള തയാറെടുപ്പിലാണ് സംഘാടകർ.
