കാനഡയിൽ ഭരണ പ്രതിസന്ധി; ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്
ഒമ്പത് വര്‍ഷത്തെ ഭരണത്തിന് ശേഷം കാനഡയിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ട്രൂഡോ രാജി വെയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയാന്‍ ട്രൂഡോ ഒരുങ്ങുന്നുവെന്നാണ് വിവരം. പ്രധാനമന്ത്രി സ്ഥാനം ഉടന്‍ രാജിവെയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരികരണമില്ല. എല്ലാ ജീവനക്കാരോടും തിങ്കളാഴ്ച ജോലിക്ക് ഹാജരാകാന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതാണ് രാജി അഭ്യൂഹങ്ങള്‍ക്കിടയായത്. ട്രൂഡോയുടെ ഓഫീസിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമാണെന്നും ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്നും ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ പരാജയം ഉറപ്പാണെന്നുമുള്ള സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ട്രൂഡോയുടെ രാജി നീക്കം. ലിബറല്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതൃയോഗം ബുധനാഴ്ച ചേരുന്നതിന് മുന്നോടിയായി ട്രൂഡോ നേതൃസ്ഥാനം രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ നാണം കെട്ട് പുറത്തുപോകേണ്ട സാഹചര്യം ഒഴിവാക്കാനാണ് നീക്കമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.