ഒമാനിൽ ഡ്രോൺ പറത്തലിന് ഗ്രീൻ സിഗ്നൽ; പാരാഗ്ലൈഡിങ്ങും പാരാമോട്ടറും പുനരാരംഭിക്കുന്നു
ഒമാനിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള പ്രവർത്തന പെർമിറ്റുകൾ വിതരണം ചെയ്യുന്നത് പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി (CAA). സർക്കാർ, വാണിജ്യ ആവശ്യങ്ങൾക്ക് പുറമെ വിനോദ ആവശ്യങ്ങൾക്കായും ഇനി മുതൽ ഡ്രോണുകൾ പറത്താൻ അനുമതി നൽകും. ഇതിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള 'ഗ്രീൻ സോണുകളിൽ' മാത്രമായിരിക്കും അനുമതിയെന്നും അതോറിറ്റിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ 'സിർബ്' വഴി ഇതിനുള്ള പെർമിറ്റുകൾ സ്വന്തമാക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ഡ്രോൺ പെർമിറ്റുകൾക്ക് പുറമെ രാജ്യത്തുടനീളം പാരാഗ്ലൈഡിങ്, പാരാമോട്ടർ പ്രവർത്തനങ്ങൾ, മറ്റ് വ്യോമ കായിക വിനോദങ്ങൾ, ഏവിയേഷനുമായി ബന്ധപ്പെട്ട മറ്റ് കായിക ഇനങ്ങൾ എന്നിവയും പുനരാരംഭിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. അതോറിറ്റിയുടെ ഈ പുതിയ തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും ഇന്ന് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
വ്യോമമേഖലയിലെ നിലവിലെ സാഹചര്യങ്ങൾ അതോറിറ്റി നിരന്തരമായി വിലയിരുത്തുമെന്നും പുതിയ ചലനങ്ങൾക്ക് അനുസൃതമായി തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഒമാനിലെ വ്യോമ സുരക്ഷയും സുരക്ഷിതത്വവും ഏറ്റവും ഉയർന്ന നിലവാരത്തിൽ ഉറപ്പാക്കുന്നതിനായി ഡ്രോൺ ഓപ്പറേറ്റർമാരും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവരും സർക്കുലറിലെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
