അടുത്ത വർഷത്തെ ഹജ്ജ്: കേരളത്തിൽനിന്ന് പതിനൊന്നായിരത്തിലധികം പേർക്ക് അവസരം

  1. Home
  2. International

അടുത്ത വർഷത്തെ ഹജ്ജ്: കേരളത്തിൽനിന്ന് പതിനൊന്നായിരത്തിലധികം പേർക്ക് അവസരം

hajj


അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി കേരളത്തിൽനിന്ന് പതിനൊന്നായിരത്തിലേറെ പേർ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുംബൈ ആസ്ഥാനത്ത് വെച്ച് നടത്തിയ ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാണ് തീർഥാടകരെ തീരുമാനിച്ചത്. ഇന്ത്യയിലൊട്ടാകെ 2,20,000 പേർക്ക് അവസരം ലഭിച്ചപ്പോൾ, വിവിധ സംസ്ഥാനങ്ങളിലെ ക്വാട്ടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1,20,875 പേരിൽ 11,148 പേർ കേരളത്തിൽ നിന്നുള്ളവരാണ്.

സംസ്ഥാനത്തുനിന്ന് ആകെ 24,230 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതിൽ 65 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽപ്പെട്ട 3,234 പേർക്കും, 65 വയസ്സിന് മുകളിലുള്ള 'വിത്തൗട്ട് മഹ്റം' വിഭാഗത്തിലെ 838 പേർക്കും നേരിട്ട് അവസരം ലഭിച്ചു.

കൂടാതെ മുൻവർഷത്തെ കാത്തിരിപ്പ് പട്ടികയിലുണ്ടായിരുന്ന 1,171 പേരെയും നേരിട്ട് തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവർ ആദ്യഗഡുവായ 1,52,300 രൂപ ഓഗസ്റ്റ് 10-നകം അടയ്‌ക്കേണ്ടതാണ്.