ഹജ്ജ് തീർഥാടകർ ‘മെഡിക്കൽ ഇൻഫർമേഷൻ ബ്രേസ്‌ലെറ്റ്’ ധരിക്കണം; നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം
ഹജ്ജ് വേളയിൽ തീർഥാടകർ ‘മെഡിക്കൽ ഇൻഫർമേഷൻ ബ്രേസ്‌ലെറ്റ്’ ധരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് സൗദി ആരോഗ്യ മന്ത്രാലയം. അടിയന്തര സാഹചര്യങ്ങളിൽ അത്യാഹിത വിഭാഗത്തിന് തീർഥാടകരുടെ ആരോഗ്യവിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും, ഉടൻ ആവശ്യമായ പരിചരണം ഉറപ്പാക്കാനും ഈ ഉപകരണം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക ബോധവത്കരണ പ്ലാറ്റ്‌ഫോമായ ‘ലൈവ് ഹെൽത്തി’ (Live Healthy) വഴിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
തീർഥാടകരുടെ നിലവിലെ ആരോഗ്യസ്ഥിതി, അവർക്കുള്ള വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങിയ അവശ്യ വിവരങ്ങളാണ് ഈ മെഡിക്കൽ ബ്രേസ്‌ലെറ്റിൽ ഉള്ളടങ്ങുക. ഇത് ആരോഗ്യ സംരക്ഷണ വിദഗ്ധർക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായ ചികിത്സാ തീരുമാനങ്ങൾ എടുക്കാൻ സഹായകമാകും. പ്രത്യേകിച്ച് അടിയന്തര ഇടപെടലുകൾ ആവശ്യമുള്ള സന്ദർഭങ്ങളിൽ, പരിക്കേറ്റ വ്യക്തിയുടെ മുൻകാല മെഡിക്കൽ ചരിത്രം പരിശോധിക്കാൻ എടുക്കുന്ന സമയം ലാഭിക്കാനും ആംബുലൻസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഹജ്ജ് യാത്രയിലുടനീളം തീർഥാടകരിൽ പ്രതിരോധ അവബോധം വളർത്തുന്നതിനും അവരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി മന്ത്രാലയം നടപ്പിലാക്കുന്ന ‘ഹജ്ജ് ഇൻ ഗുഡ് ഹെൽത്ത്’ (Hajj in Good Health) എന്ന സംരംഭത്തിന്റെ ഭാഗമായാണ് ഈ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ഹജ്ജ് സീസണിൽ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി പ്രസിദ്ധീകരിക്കുന്ന ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രാലയം തീർഥാടകരോട് അഭ്യർത്ഥിച്ചു. തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള ആരോഗ്യ-ബോധവത്കരണ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും, മെഡിക്കൽ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമായി ‘937’ എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
