ഹജ്ജ് സീസൺ; സൗദി ട്രാൻസിറ്റ് വിസ സേവനം താൽക്കാലികമായി നിർത്തിവെച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി
കുവൈത്തിലുള്ള ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ വഴിയുള്ള ട്രാൻസിറ്റ് വിസകൾക്കായി നൽകി വന്നിരുന്ന സഹായ സേവനങ്ങൾ ഇന്ത്യൻ എംബസി താൽക്കാലികമായി നിർത്തിവെച്ചു. സൗദിയിൽ ഹജ്ജ് സീസൺ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. എംബസി വഴി നേരത്തെ ലഭ്യമായിരുന്ന സൗദി ട്രാൻസിറ്റ് വിസ നടപടികൾ ഇനി മുതൽ ലഭ്യമാകില്ലെന്നും പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്നും എംബസി അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
സൗദി അറേബ്യ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ വിസ നടപടികൾക്കും ഇമിഗ്രേഷൻ നിയമങ്ങൾക്കുമായി അതത് എയർലൈൻ കമ്പനികളുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. യാത്ര പ്ലാൻ ചെയ്യുന്നതിന് മുൻപ് തന്നെ നിലവിലെ വിസ നിബന്ധനകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എംബസി നിർദ്ദേശിച്ചു. ഹജ്ജ് തീർത്ഥാടന കാലത്തെ തിരക്കും സൗദി അറേബ്യയുടെ കർശനമായ ഇമിഗ്രേഷൻ നയങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് എംബസി വ്യക്തമാക്കി. റോഡ് മാർഗ്ഗമോ വിമാന മാർഗ്ഗമോ സൗദി വഴി യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ കൃത്യമായ വിവരങ്ങൾ ശേഖരിക്കണം. എംബസിയുടെ ഈ നീക്കം ഹജ്ജ് സീസണിലെ ഗതാഗത കുരുക്കുകളും നിയമപ്രശ്നങ്ങളും ഒഴിവാക്കാൻ പ്രവാസികളെ സഹായിക്കും.
