ഹജ്ജ് സുരക്ഷ: മക്കയിലേക്ക് പ്രവേശിക്കാൻ ഇന്ന് മുതൽ അനുമതി പത്രം നിർബന്ധം
ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹജ്ജ് കർമ്മങ്ങൾ സുഗമമാക്കുന്നതിനുമായി സൗദി ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് (2026 ഏപ്രിൽ 13) മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ഔദ്യോഗിക അനുമതി പത്രം (Entry Permit) കരുതേണ്ടത് നിർബന്ധമാണ്. അനുമതി പത്രം ഇല്ലാത്തവരെ ഒരു കാരണവശാലും മക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മക്കയിൽ നിന്ന് അനുവദിച്ച ഇഖാമയുള്ളവർ, ഹജ്ജ് പെർമിറ്റ് കൈവശമുള്ളവർ, വിശുദ്ധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനായി 'അബ്ഷിർ' വഴിയോ 'മുഖീം' പോർട്ടൽ വഴിയോ ലഭിച്ച ഇലക്ട്രോണിക് വർക്ക് പെർമിറ്റ് ഉള്ളവർ എന്നിവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉംറ വിസയിൽ എത്തിയവർ രാജ്യം വിടേണ്ട അവസാന തീയതി 2026 ഏപ്രിൽ 18 ആയി നിശ്ചയിച്ചു. ഏപ്രിൽ 18 മുതൽ മെയ് 31 വരെ 'നൂസുക്' ആപ്പ് വഴിയുള്ള ഉംറ പെർമിറ്റ് വിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഏപ്രിൽ 18 മുതൽ ഹജ്ജ് വിസയുള്ളവർക്ക് മാത്രമേ മക്കയിലേക്ക് പ്രവേശിക്കാനോ അവിടെ തുടരാനോ അനുവാദമുണ്ടായിരിക്കൂ. ഉംറ വിസ, സന്ദർശക വിസ ഉൾപ്പെടെ മറ്റ് വിസകളിൽ എത്തിയവർക്ക് ഇക്കാലയളവിൽ മക്കയിൽ പ്രവേശന വിലക്കുണ്ടായിരിക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.
