14 മാസമായി കോമയിൽ; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

  1. Home
  2. International

14 മാസമായി കോമയിൽ; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

nilam shinde


അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് 14 മാസമായി കോമയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നീലം ഷിന്ദേ (35) അന്തരിച്ചു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന നീലം, കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അപകടത്തിൽപ്പെട്ടത്. മാർച്ച് 28-നായിരുന്നു മരണം സംഭവിച്ചതെന്നും ചൊവ്വാഴ്ച അമേരിക്കയിൽ തന്നെ സംസ്കാര ചടങ്ങുകൾ നടന്നതായും ബന്ധുക്കൾ അറിയിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയാണ്.

2025 ഫെബ്രുവരി 14-ന് പതിവുപോലെ നടക്കാനിറങ്ങിയ നീലത്തിനെ അമിതവേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ താരം അന്നുമുതൽ അബോധാവസ്ഥയിലായിരുന്നു. അപകടസമയത്ത് നീലത്തിന്റെ പിതാവിന് അമേരിക്കയിലേക്ക് പോകാൻ വിസ ലഭിക്കാത്തത് വലിയ വാർത്തയായിരുന്നു. പിന്നീട് സുപ്രിയ സുലെ എംപി ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടർന്നാണ് പിതാവ് തനാജിക്കും ബന്ധുവിനും വിസ ലഭിച്ചതും അവർക്ക് നീലത്തെ കാണാൻ സാധിച്ചതും.

നാസയിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ മികവുറ്റ വിദ്യാർത്ഥിനിയായിരുന്നു നീലം. മരണശേഷവും മറ്റുള്ളവർക്ക് വെളിച്ചമാകാൻ നീലത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ പിതാവ് സമ്മതം നൽകി. സംസ്കാരത്തിന് മുന്നോടിയായി ചർമ്മവും കോർണിയയും ശേഖരിച്ചതായി ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ ഒന്നാം ചരമവാർഷികം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു നീലത്തിന് അപകടം സംഭവിച്ചത്.