യുഎഇയിൽ ചൂട് കൂടുന്നു;താപനില 48 ഡിഗ്രി വരെ ഉയർന്നേക്കും; പൊടിക്കാറ്റിനും കടൽ പ്രക്ഷുബ്ധതയ്ക്കും സാധ്യത
യുഎഇയിൽ വേനൽച്ചൂട് ശക്തമാകുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ഈ ആഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. അബുദബി എമിറേറ്റിലെ മസൈറ, ഗസയുറ, അൽ ഖുവ്വ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന ചൂട് പ്രതീക്ഷിക്കുന്നത്. ഇവിടെ വ്യാഴാഴ്ചയോടെ താപനില 48°C വരെ എത്താൻ സാധ്യതയുണ്ട്. അബുദബി നഗരത്തിൽ പരമാവധി 43°C വരെയും ദുബൈയിൽ ഏകദേശം 40°C വരെയും ചൂട് രേഖപ്പെടുത്തുമെന്നാണ് പ്രവചനം.
തീരദേശങ്ങളിലും ദ്വീപുകളിലും 35°C മുതൽ 40°C വരെയും പർവത പ്രദേശങ്ങളിൽ 32°C മുതൽ 39°C വരെയും താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ചൂടിനൊപ്പം മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തില്‍ പൊടിയും മണലും ഉയരുന്നതിനും കാഴ്ചപരിധികുറയുന്നതിനും കാരണമാകും.അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും, ഒമാൻ കടൽ താരതമ്യേന ശാന്തമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാനും, നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കാനും, പുറത്തുപോകുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
