യുഎഇയിൽ ചൂട് കൂടുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിലേക്ക്, പൊടിക്കാറ്റിനും സാധ്യത
യുഎഇയിൽ താപനില ക്രമാനുഗതമായി വർധിക്കുമെന്നും വരുംദിവസങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ ചൂട് 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉൾപ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് രാത്രിയിലും പുലർച്ചെയും 85 ശതമാനം വരെയാകാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് വാരാന്ത്യത്തോടെ 40 കിലോമീറ്ററായി വർധിക്കും. വെള്ളിയാഴ്ചയോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും അറബിക്കടലിൽ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
അതേസമയം ഒമാൻ കടൽ താരതമ്യേന ശാന്തമായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പൊടിക്കാറ്റ് ദൂരക്കാഴ്ചയെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ ജാഗ്രതാ നിർദ്ദേശം. ഉപരിതല മർദ്ദ വ്യതിയാനങ്ങളാണ് നിലവിലെ ഈ കാലാവസ്ഥാ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് എൻസിഎം വിശദീകരിച്ചു.
