യൂറോപ്പിൽ ഉഷ്ണതരംഗം കടുക്കുന്നു: മരണസംഖ്യ 2000 കടന്നു; പ്രതിരോധ നടപടികളുമായി രാജ്യങ്ങൾ

  1. Home
  2. International

യൂറോപ്പിൽ ഉഷ്ണതരംഗം കടുക്കുന്നു: മരണസംഖ്യ 2000 കടന്നു; പ്രതിരോധ നടപടികളുമായി രാജ്യങ്ങൾ

EUROPE FIRE


യൂറോപ്യൻ രാജ്യങ്ങളിൽ ഉഷ്ണതരംഗം മൂലം കനത്ത ചൂട് തുടരുന്നു. അത്യുഷ്ണം കാരണമായുണ്ടായ വിവിധ ആരോഗ്യപ്രശ്നങ്ങളാൽ വിവിധ രാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം 2,000 കടന്നതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലും താപനില ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെ തുടർന്ന് യൂറോപ്പിലുടനീളം പ്രതിരോധ നടപടികളും മുൻകരുതലുകളും ശക്തമാക്കിയിട്ടുണ്ട്.

ഫ്രാൻസിന്റെ തെക്കൻ മേഖലകളായ ഓഡ്, ഇറോ പ്രവിശ്യകളിൽ കാട്ടുതീ പടർന്ന് പിടിച്ചതിനെ തുടർന്ന് രണ്ടായിരത്തിലധികം ഏക്കർ വനഭൂമി നശിക്കുകയും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. മാർസേയിലുണ്ടായ കാട്ടുതീ അണച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും തീപിടുത്തമുണ്ടായത്. ഗ്രീസിലും കാട്ടുതീയെ തുടർന്ന് രണ്ട് പേർ മരണപ്പെട്ടു. കനത്ത ചൂട് കാരണം പല രാജ്യങ്ങളിലും ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. ചൂട് താങ്ങാനാവാതെ റെയിൽവേ പാളങ്ങൾ വിണ്ടുകീറിയതോടെ ചിലയിടങ്ങളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടക്കം ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്തു. ഹംഗറി, സ്ലോവേക്യ തുടങ്ങിയ രാജ്യങ്ങളിൽ താപനില 41 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് രേഖപ്പെടുത്തിയത്.

നെതർലൻഡ്സിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 40 ഡിഗ്രിക്ക് മുകളിൽ ചൂട് ഉയർന്നതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാൽ 480 പേർ മരണമടഞ്ഞതായി ഡച്ച് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതിൽ ഭൂരിഭാഗവും 80 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഫ്രാൻസിലും സ്പെയിനിലും ആയിരത്തോളം പേർ വീതം മരണപ്പെട്ടതായാണ് കണക്കുകൾ. ഇതിനിടെ സ്പെയിനിൽ കഴിഞ്ഞയാഴ്ച ഒരു ശുചീകരണത്തൊഴിലാളി കനത്ത ചൂടിൽ കുഴഞ്ഞുവീണ് മരിച്ചതിനെ തുടർന്ന് ബാർസിലോന അധികൃതർ നഗരസഭയിലെ പുറംജോലിക്കാർക്ക് താപനില മുന്നറിയിപ്പ് നൽകുന്ന പ്രത്യേക ബ്രേസ്‌ലറ്റുകൾ വിതരണം ചെയ്തു തുടങ്ങി. അതേസമയം, ഉഷ്ണതരംഗത്തെ പ്രതിരോധിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഫ്രാൻസിലെ പ്രതിപക്ഷമായ ഗ്രീൻ പാർട്ടി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലുകോനുവിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.