ശക്തമായ മഴയും കാറ്റും; ഒമാനിൽ വരുംദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത

  1. Home
  2. International

ശക്തമായ മഴയും കാറ്റും; ഒമാനിൽ വരുംദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത

oman


ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹജർ പർവതനിരകൾ, ദോഫാർ തീരം, അൽ വുസ്ത ​ഗവർണറേറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രി പത്ത് മണി മുതൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും മിതമായ രീതിയിലുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്ക് തുടക്കമാകും. വൈകുന്നേരങ്ങളിൽ ഈ പ്രദേശങ്ങളിൽ പരക്കെ മഴ ലഭിച്ചേക്കും.

ഇതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. അൽ ജാസിർ, ദുഖം, ജഅലാൻ ബനി ബൂ ഹസ്സൻ, ജഅലാൻ ബനി ബൂ അലി, സദഹ്, ഷലീം-ഹല്ലാനിയാത്ത് ദ്വീപുകൾ, മഹൂത്ത്, മിർബാത്ത്, മസ്യൂന, അൽ ഹമ്മ എന്നീ പ്രദേശങ്ങളിലാണ് കാറ്റ് പ്രധാനമായും വീശിയടിക്കുക. ഇത് തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റായി മാറാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളോട് ചേർന്നുള്ള കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർ​ദേശിച്ചു.

വരുന്ന ജൂലൈ ആറിന് വൈകുന്നേരത്തോടെ ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദോഫാറിലെ തീരമേഖലകളിലും അതിനോട് ചേർന്നുള്ള മലനിരകളിലും ഇന്ന് പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ഹജർ പർവതനിരകളിൽ ഉച്ചയ്ക്ക് ശേഷവും വൈകുന്നേരങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വൈകീട്ടും പുലർച്ചെയും അൽ വുസ്ത ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.