കനത്ത മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യത; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശവുമായി അബൂദബി പോലീസ്

  1. Home
  2. International

കനത്ത മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യത; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശവുമായി അബൂദബി പോലീസ്

abudhabi police


യു.എ.ഇയിൽ കനത്ത മഴയ്ക്കും മൂടൽമഞ്ഞിനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പോലീസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനം കാരണം റോഡുകളിൽ കാഴ്ചപരിധി കുറയാനും വഴുക്കൽ അനുഭവപ്പെടാനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ വേഗത കുറയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ശനി മുതൽ ചൊവ്വ വരെ രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. രാത്രിയിലും രാവിലെയുമായി തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെടും.

യാത്ര പുറപ്പെടുന്നതിന് മുൻപ് കാലാവസ്ഥാ വിവരങ്ങൾ പരിശോധിക്കണമെന്നും, വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്നും അബൂദബി പോലീസ് അഭ്യർത്ഥിച്ചു. വെള്ളക്കെട്ടുകളുള്ള താഴ്‌വരകൾക്ക് സമീപത്തേക്ക് പോകരുത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങളോ വീഡിയോയോ പകർത്തി ശ്രദ്ധ തിരിക്കരുത്. റോഡുകളിലെ ഡിജിറ്റൽ സൈൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗത പരിധികൾ കൃത്യമായി പാലിക്കണമെന്നും പോലീസ് നിർദേശിച്ചു.