ത്വാഇഫിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും; നിരവധി വാഹനങ്ങൾ ഒലിച്ചുപോയി, റെഡ് അലർട്ട്

  1. Home
  2. International

ത്വാഇഫിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും; നിരവധി വാഹനങ്ങൾ ഒലിച്ചുപോയി, റെഡ് അലർട്ട്

saudi


സൗദി അറേബ്യയിലെ ത്വാഇഫിൽ പെയ്ത കനത്ത മഴയിൽ പരക്കെ നാശനഷ്ടം. അതിശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നഗരത്തിലെ പ്രധാന റോഡുകളും ഇടവഴികളും വെള്ളത്തിനടിയിലായി. പ്രളയസമാനമായ ഒഴുക്കിൽ റോഡുകളിൽ നിർത്തിയിട്ടിരുന്നതും ഓടിക്കൊണ്ടിരുന്നതുമായ നിരവധി വാഹനങ്ങൾ ഒലിച്ചുപോയതായാണ് വിവരങ്ങൾ.

റോഡുകളിലൂടെയും ജനവാസ മേഖലകളിലൂടെയും വൻതോതിൽ വെള്ളം കുതിച്ചൊഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് രംഗത്തെത്തിയിട്ടുണ്ട്. തടയണകൾ, താഴ്‌വരകൾ, വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പൊതുജനങ്ങൾ പൂർണമായും അകന്നുനിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ത്വാഇഫിന് പുറമെ മക്ക, അൽ ബാഹ, അസീർ തുടങ്ങിയ മേഖലകളിലും വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി വ്യക്തമാക്കി. ഈ മേഖലകളിൽ 'റെഡ് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്.