യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
യുഎഇയുടെ വിവിധ മേഖലകളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ഷാർജ, റാസൽഖൈമ, ഫുജൈറ, അൽ ഐൻ, ഹത്ത എന്നിവിടങ്ങളിൽ ശക്തമായ മഴയും ചിലയിടങ്ങളിൽ ഇടിമിന്നലുമുണ്ടായി. വിവിധ പ്രദേശങ്ങളിൽ ആലിപ്പഴം വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റാസൽഖൈമ കോർണിഷ്, കാദ്ര റോഡ്, ഫുജൈറയിലേക്കുള്ള ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളിലെ റോഡുകളിലും ശക്തമായ മഴയും ആലിപ്പഴ വർഷവുമുണ്ടായി. ഷാർജയിലെ ഫ്ലൈഹ, അൽ ദൈദ്, അൽ മദം, ഉഖൈദർ, വഷാഹ് തുടങ്ങിയ മധ്യമേഖലകളിലും കനത്ത മഴ ലഭിച്ചു. ചിലയിടങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെട്ടു.
കനത്ത ചൂടിന് ആശ്വാസമായാണ് മഴയെത്തിയത്. വരും ദിവസങ്ങളിലും മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
