നേപ്പാളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും; ഹിമപാതത്തിൽ 10 പേരെ കാണാതായി
നേപ്പാളിലെ മനാങ് ജില്ലയിലുള്ള ഹിംലങ് ഹിമാൽ പർവത ബേസ് ക്യാംപിലുണ്ടായ ഹിമപാതത്തിൽ പർവതാരോഹകർ ഉൾപ്പെടെ പത്ത് പേരെ കാണാതായി. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.
നാലു ദിവസമായി തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്ചയും രാജ്യത്ത് പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിനോദസഞ്ചാര, പർവതാരോഹണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ നേപ്പാൾ ടൂറിസം വകുപ്പ് നിർദേശം നൽകി.
രൂപന്ദേഹി ജില്ലയിൽ തിനൗ നദി കരകവിഞ്ഞതിനെ തുടർന്ന് നിരവധി വീടുകൾ ഒലിച്ചുപോകുകയും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു. നദീതീരങ്ങളിൽ നിന്ന് ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചിറ്റ്വാൻ, കർണാലി മേഖലകളിലും പ്രധാന നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്.
ഓഗസ്റ്റ് 26ലെ പ്രളയദുരന്തത്തിൽ നിന്ന് നേപ്പാൾ പൂർണമായി മുക്തമാകുന്നതിന് മുൻപാണ് വീണ്ടും മഴക്കെടുതി രൂക്ഷമായത്. മുൻ ദുരന്തത്തിൽ 1,453 പേർ മരിക്കുകയും 5,285 പേരെ കാണാതാവുകയും ചെയ്‌തെന്നാണ് ഔദ്യോഗിക കണക്ക്. രക്ഷപ്പെടുത്തിയ ആയിരക്കണക്കിന് പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്
