യുഎഇയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം
വരും ദിവസങ്ങളിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിന് സാധ്യതയുള്ളതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് റോഡുകളിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മന്ത്രാലയം അറിയിച്ചു.
മഴ കനക്കുന്നതോടെ താഴ്‌വരകളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും വെള്ളം കെട്ടിക്കിടക്കാനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. റോഡുകളിൽ വേഗത കുറയ്ക്കുന്നതിനൊപ്പം ഗതാഗത നിയമങ്ങളും ഔദ്യോഗിക നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം. അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കടലിലോ ബീച്ചുകളിലോ പോകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള കാലാവസ്ഥാ അപ്‌ഡേറ്റുകളും മുന്നറിയിപ്പുകളും മാത്രം പിന്തുടരാൻ ശ്രദ്ധിക്കണം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഏത് അടിയന്തര സാഹചര്യത്തിലും അധികൃതരുടെ സഹായം തേടണമെന്നും നിർദ്ദേശമുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലൂടെ സുരക്ഷ ഉറപ്പാക്കാൻ ഓരോ പൗരനും ബാധ്യസ്ഥരാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
