സൗദിയിൽ ഇന്ന് മുതൽ വെള്ളി വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശം

  1. Home
  2. International

സൗദിയിൽ ഇന്ന് മുതൽ വെള്ളി വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശം

saudi


സൗദി അറേബ്യയുടെ മിക്ക പ്രവിശ്യകളിലും ഇന്ന് മുതൽ വെള്ളി വരെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. വരും ദിവസങ്ങളിൽ മഴയുടെ ശക്തി വർദ്ധിക്കുമെന്നും പ്രത്യേകിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തെ പല മേഖലകളിലും അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തലസ്ഥാനമായ റിയാദ് ഉൾപ്പെടെ മക്ക, മദീന പ്രവിശ്യകളിലും അസീർ, ജിസാൻ, അൽ ബഹ തുടങ്ങിയ തെക്കൻ മേഖലകളിലും മഴ കനക്കും. റിയാദിലെ ദിരിയ, അൽ ഖർജ്, അൽ ഖിദ്ദിയ തുടങ്ങിയ ഗവർണറേറ്റുകളിലും അതീവ ജാഗ്രത പാലിക്കണം. മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന കാറ്റും പൊടിക്കാറ്റും ആലിപ്പഴ വർഷവും ഉണ്ടായേക്കാം. കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ കടൽചുഴലിക്കും കരയിൽ ചുഴലിക്കാറ്റിന് സമാനമായ മേഘരൂപീകരണങ്ങൾക്കും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങൾ തത്സമയം അറിയാൻ 'അൻവ' (Anwa) ആപ്പ് ഉപയോഗിക്കാനും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും എൻ.സി.എം ആവശ്യപ്പെട്ടു. അടുത്ത ഒരാഴ്ചത്തേക്ക് കൂടി അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നതിനാൽ വാദികളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.