യു.എ.ഇയിലെ കിഴക്കൻ, തെക്കൻ മേഖലകളിൽ തിങ്കളാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത
കടുത്ത ചൂടിന് പിന്നാലെ യു.എ.ഇയിലെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ശക്തമായ മഴയെത്തുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ വാരാന്ത്യത്തിൽ ഉൾനാടൻ മേഖലകളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
ഇതിന് പിന്നാലെയാണ് തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതായി അധികൃതർ വ്യക്തമാക്കിയത്. ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടുതൽ മഴ ലഭിക്കുക. വരും ദിവസങ്ങളിലെ ശനി, ഞായർ ദിവസങ്ങളിലും കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പ്രതീക്ഷിക്കാം. മഴയോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.
തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാലും ദൂരക്കാഴ്ച കുറയാൻ ഇടയുള്ളതിനാലും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
