സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ്

  1. Home
  2. International

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ്

uae rain


സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്നു മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മക്ക പ്രവിശ്യയിലെ താഇഫ്, മൈസാൻ, അദം, അൽ അർദിയാത്ത് എന്നീ പ്രദേശങ്ങളിൽ മിതമായത് മുതൽ ശക്തമായ മഴ വരെ ലഭിച്ചേക്കാം. ഇവിടെ മലവെള്ളപ്പാച്ചിൽ, ആലിപ്പഴ വർഷം, ശക്തമായ പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്.

ജിസാൻ, അസീർ, അൽ ബഹ, മദീന, നജ്റാൻ എന്നീ പ്രവിശ്യകളിലും ശക്തമായ മഴ ലഭിച്ചേക്കും. മക്ക നഗരത്തിലും അൽ കാമിൽ, അൽ ജുമൂം, ബഹ്റ, അൽ ലൈത്ത്, അൽ ഖുൻഫുദ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നിർദേശം നൽകി. വാദികൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ടിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ നിന്ന് അകന്നുനിൽക്കണം. നീരുറവകളിലോ മലവെള്ളപ്പാച്ചിലിലോ നീന്തരുതെന്നും അധികൃതർ നൽകുന്ന ഔദ്യോഗിക മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി.