സൗദിയിൽ കനത്ത മഴ തുടരുന്നു; റിയാദും മക്കയും ഉൾപ്പെടെ 11 പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം
സൗദി അറേബ്യയിലെ 11 പ്രവിശ്യകളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) അറിയിച്ചു. റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തികൾ, അൽജൗഫ്, ഹാഇൽ, ഖസീം, അൽബാഹ, അസീർ, ജിസാൻ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്.
മിക്കയിടങ്ങളിലും മിതമായതോ കനത്തതോ ആയ മഴ പെയ്തേക്കാം. മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷം, ശക്തമായ പൊടിക്കാറ്റ്, മിന്നൽ പ്രളയം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തബൂക്ക്, നജ്‌റാൻ പ്രവിശ്യകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഈ മേഖലകളിൽ രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാം.
കനത്ത മഴയെത്തുടർന്ന് വാദികൾ മുറിച്ചുകടക്കുന്നതിനും താഴ്ന്ന പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതിനും അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
